Thursday, January 29, 2009

ഒരു ബാ(ബോ)റന് അനുഭവം

മദ്യപാനം ഒരു ദുശീലമല്ല എന്നെന്നോട് പറയരുത് , അതൊരു വൃത്തികെട്ട ശീലം തന്നെയാണ് .പക്ഷെ എന്ത് ചെയ്യാം നമ്മളെ പോലെയുള്ള കുടിമകന്‍മാര്‍ കാരണമാണ് സര്‍ക്കാര്‍ തന്നെ നിലനിന്നു പോകുന്നത്. എന്നിട്ട് മദ്യപാനികള്‍ക്ക്‌ ചീത്തപ്പേരും. കുടിയന്‍, പാമ്പ് ,താമര, ബോട്ട് ....എന്നിങ്ങനെ (ഈയിടെ ഒരു പുതിയ പേരും കേട്ടു "ഡോള്‍ഫിന്‍ ":കാരണം ഇവന്മാര്‍ വെള്ളമടിച്ചു കഴിഞ്ഞാല്‍ കുഴഞ്ഞു കിടക്കും പിന്നെ ചാടി എഴുന്നേല്‍ക്കും .വെള്ളത്തില്‍ ഡോള്‍ഫിനെ പോലെ )

പൊതുവെ ഞാന്‍ ഒരു മദ്യപാനി അല്ല .പാര്‍ട്ടി നിലപാട് വെച്ചു പറഞ്ഞാല്‍ മദ്യനിരോധനമല്ല മറിച്ച് മദ്യവര്‍ജ്ജനമാണ് പാര്‍ട്ടി നിലപ്പാട് .മദ്യം കുടിക്കുകയും പിന്നെ വര്‍ജ്ജിക്കുകയും ചെയ്തിടുണ്ട് ഞാന്‍ . മദ്യവര്‍ജ്ജനത്തെ പറ്റി ഏറ്റവും കൂടുതല്‍ വിചാരിചിടുള്ളത് മദ്യം കഴിക്കുമ്പോഴാണ് .പൊതുവില്‍ നല്ലവരായ മനുഷ്യര്‍ മദ്യപിക്കുമ്പോള്‍ മാറുന്നു . വെള്ളമടിച്ചു കരയുന്നവര്‍ വെള്ളമടിച്ചു സത്യം പറയുന്നവര്‍ വെള്ളമടിച്ചു ചീത്ത വിളിക്കുന്നവര്‍ വെള്ളമടിച്ചു തത്വം പറയുന്നവര്‍ എന്നിങ്ങനെ വെള്ളമടിച്ചു കുട്ടിക്കരണം മറയുന്നവര്‍ വരെയുണ്ട് എന്‍റെ സുഹൃത്തുക്കളായി .

കോളേജില്‍ നിന്നും ഞങ്ങള്‍ ആദ്യമായി ബാംഗ്ലൂരില്‍ (ഇപ്പോള്‍ ബംഗലൂരു) പോകുന്നു . ഐ ടി നഗരമെന്നു പേരുകേട്ട സ്ഥലം . പബ്ബുകളുടെ സ്വന്തം നഗരം .......അങ്ങനെ ഞങ്ങള്‍ ഒരു പബ്ബില്‍ കയറി ......ജീവിതത്തില്‍ ആദ്യമായി കാണുന്ന പബ്ബ് ...ഉള്ളില്‍ അറിയാതെ മുതലാളിതത്തെ വാഴ്ത്തി ....കൂടെയുള്ള സുഹൃത്ത് പറഞ്ഞു "ഭൂമിയിലൊരു സ്വര്‍ഗം ഇതാ ഇവിടെ..." അതുവരെ തിരുവനന്തപുരത്തെ ചില ബാറുകള്‍ മാത്രം കണ്ടിടുള്ള ഞങ്ങള്‍ക്ക് അതൊരു പുത്തന്‍ അനുഭവമായിരുന്നു . കൂടി പോയാല്‍ തിരുവല്ലം എന്ന സ്ഥലത്തെ കള്ളുഷാപ്പും (ഇവിടെ നിന്നും മലയാറ്റൂര്‍ ആദ്യമായി വെള്ളമടിച്ചു എന്ന് വായിച്ചിടുണ്ട് ,വേരുകള്‍ എന്ന പുസ്തകത്തില്‍ ,"പട്ടര്‍ പട്ടാപ്പകല്‍ പട്ടയടിച്ചു ")

ഞങ്ങള്‍ ഒഴിഞ്ഞ ഒരു ഭാഗത്തേക്ക്‌ ചേക്കേറി .സ്ത്രീകള്‍ വെള്ളമടിക്കുന്നത് കണ്ടു കണ്ണ് തള്ളി (അതും ഒരു പുത്തന്‍ കാഴ്ചയായിരുന്നു )ഞങ്ങള്‍ ഓര്‍ഡര്‍ ചെയ്തു വിസ്കി ,ബ്രാണ്ടി , റം , വോഡ്ക, ...ചുരുക്കിപ്പറഞ്ഞാല്‍ "ഒരു ലിറ്ററോളം പയിന്റ്റ്"(കടപ്പാട് : വി കെ യെന്‍ ). ഞാന്‍ ഓര്‍ഡര്‍ ചെയ്തില്ല ,മടിച്ചു നിന്നു , ഒന്നാമതായി അറിയാത്ത സ്ഥലം, , പിന്നെ പാര്‍ട്ടി വിരുദ്ധം .....

"നീ എന്താ കഴിക്കുന്നില്ലേ " ഒരുവന്‍ ചോദിച്ചു
"ഇല്ല ,വേണ്ട ശരിയാവില്ല "
"ഓ ,സഖാക്കള്‍ വെള്ളമ്മടിക്കറില്ലലോ" മറ്റൊരുവന്‍ മൊഴിഞ്ഞു
"അതെ നല്ല സഖാക്കള്‍ മദ്യപിക്കാറില്ല "
"ഒന്നു പോടേ ചൈനയിലെ ആഗോള സഖാക്കന്മാര്‍ മദ്യപിക്കുന്നു , പിന്നെയാ നീ "
പക്ഷെ ഞാന്‍ ഒറച്ചു നിന്നു ..."ഇല്ല ഞാന്‍ മദ്യപിക്കുന്നില്ല "
ഒരു ഓറഞ്ച് ജൂസ് ഓര്‍ഡര്‍ ചെയ്തു . അപ്പോള്‍ ബെയറര്‍ ചോദിച്ചു " വിത്ത് റം ഓര്‍ വോഡ്ക സര്‍ ?"
"നോ നോ പ്ലെയിന്‍ ഓറഞ്ച് ജൂസ്"
അങ്ങനെ എല്ലാവര്‍ക്കും മദ്യമെത്തി എനിക്ക് ഓറഞ്ച് ജൂസും രണ്ടെണ്ണം ഉള്ളില്‍ പോയതും പലവന്റെയും സ്വഭാവം മാറി തുടങ്ങി ഒരുവന്‍ " തീപ്പെട്ടി ...?"
ഒരുവന്‍ തീപ്പെട്ടി നല്കി ."സിഗരട്ട്‌ ആര് നിന്റെ ________ കൊണ്ടു തരുമോ "
മറ്റൊരുവന്‍ തത്വം തുടങ്ങി " എടാ ഈ സോഫ്റ്റ്‌വെയര്‍ ഇല്‍ പണിയെടുത്തു ഒരു യന്ത്രമാകാന്‍ വിധിക്കപെട്ടവരാട നമ്മള്‍ , പക്ഷെ മൂര്‍ത്തി നിന്നിലെ കവി മരിക്കരുത്‌ "
മറ്റൊരുവന്‍ പാട്ടു തുടങ്ങി "ഏഴ് സ്വരങ്ങളും തഴുകി വരുന്നൊരു ഗാനം ..........."
മറ്റൊരുവന്‍ ചീത്ത വിളി തുടങ്ങി "എടാ !@#$@$ മോനേ നീ നിന്റെ അമ്മയോട് പറഞ്ഞു ആ പലഹാരം ഉണ്ടാക്കാന്‍ പറയണം ഇല്ലെങ്ങില്‍ പൊന്നു മോനേ നിന്നെ ഞാന്‍ .............."
ഈ ബഹളങ്ങളില്‍ ഒന്നും പെടാതെ ഒരുവന്‍ മേശയുടെ മേല്‍ കിടന്നു (ഡോള്‍ഫിന്‍ പോലെ ). അവന്‍ ബെയറര്‍ വരുമ്പോള്‍ മാത്രം ഉണര്‍ന്നു . ഞാന്‍ പിന്നെയും ഒരു പ്ലെയിന്‍ ഓറഞ്ച് ജൂസ് പറഞ്ഞു . ബില്‍ അപ്ന അപ്ന ആണെന്ന തീരുമാനത്തിലാണ് ഞങ്ങള്‍ കയറിയത് . ഓരോരുത്തരുടെ ബില്‍ വന്നു . എന്റെയും
ബില്ലിലെ വില കണ്ടു ഞാന്‍ ഞെട്ടി . മദ്യപിച്ചവരെക്കാള്‍ കൂടുതല്‍ വില രണ്ടു ഓറഞ്ച് ജൂസിനു വന്നു ...എന്‍റെ കയ്യിലെ മുഴുവന്‍ പണവും അതോടെ തീര്‍ന്നു. അടുത്തിരുന്ന സുഹൃത്തിന്റെ മദ്യഗ്ലാസ് ഞാന്‍ കയ്യിലെടുത്ത് മോത്തി കുടിച്ചു .ഉള്ളൊന്നു കാളി , "ഹാവൂ ഇനി ഇത്രയും പണം കൊടുക്കാം "

ഈ സമൂഹം ഒരുവനെ നന്നാവാന്‍ സമ്മതിക്കില്ല . ഒരു പഴയ നാടക ഡയലോഗ് ഓര്‍മവന്നു "ഈ സമൂഹമാണ് എന്നെ മദ്യപാനിയാക്കിയത് ...ഈ സമൂഹമാണ് കുറ്റക്കാര്‍ "(വെള്ളമടിക്കാന്‍ ഓരോരുത്തര്‍ പറയുന്ന ന്യായങ്ങള്‍ )

ശുഭം