Monday, July 13, 2009

പശുവിന്റെ പല്ല്

"ഇങ്ങു വാ പൈയ്യെ ..."
നല്ല ലക്ഷണമൊത്ത നിന്നെ കിട്ടി കൂടെ മൂരികുട്ടനെയും. ഇനി ഒന്നും പേടിക്കാനില്ല .ഇനി ശ്രാദ്ധ കര്‍മ്മങ്ങള്‍ക്ക് പോകണ്ട . കാലാകാലമായി കുടുംബം ചെയ്തുവരുന്ന കുലത്തൊഴില്‍ ഇനി നിര്‍ത്താം. സുബ്രമണ്യ അയ്യര്‍ ദാനമായി കിട്ടിയ പശുവുമായി ഹൃദയം പങ്കു വെച്ച് വരുകയായിരുന്നു.

"ഇന്ദിര ഗാന്ധി കി ജയ്‌ ...." വിളികള്‍ അങ്ങകലെ നിന്ന് വന്നു . കോണ്‍ഗ്രെസ്സുക്കാരുടെ സമ്മേളനം നടക്കുന്നു. നേതാക്കള്‍ സംസാരിക്കുന്നു ...ദാരിദ്ര്യം ഇന്ത്യയില്‍ നിന്ന് തുടച്ചു നീക്കും എന്ന് ആണയിടുന്നു ...ഇതൊന്നും കേള്‍ക്കാതെ അയ്യര്‍ തന്റെ പശുവും കുട്ടിയുമായി നടന്നു നീങ്ങി .അയ്യര്‍ക്ക് രാഷ്ട്രീയത്തില്‍ തീരെ താല്‍പ്പര്യം ഇല്ലായിരുന്നു . പക്ഷെ അദ്ദേഹത്തിന്റെ ഇഷ്ട നേതാവ് എ കെ ജി ആയിരുന്നു .
പശു ദാനമായി തന്ന മഹാറാണി നീണാള്‍ വാഴട്ടെ !!! അവര്‍ ഒരു നൂറു വര്‍ഷമെങ്ങിലും ആരോഗ്യത്തോടെ ജീവിക്കട്ടെ !!! അയ്യര്‍ വാഴ്ത്തി
തിരുവിതാംകൂര്‍ മഹാറാണിയുടെ പിറന്നാളിന് ബ്രാഹ്മണര്‍ക്ക് ഗോദാനം നടത്താന്‍ തീരുമാനിച്ചിരുന്നു . ആ ദാനം ലഭിക്കാനുള്ള നറുക്ക് അയ്യര്‍ക്ക് വീണു .രാജഭരണം തീര്‍ന്നെങ്കിലും അവരുടെ പേരിനും പെരുമയ്ക്കും ഒരു കുറവും വന്നിട്ടില്ലായിരുന്നു.ഈ അടുത്ത കാലം വരെ അവര്‍ പത്മനാഭ സ്വാമി ക്ഷേത്രത്തില്‍ അന്നദാനം നടത്തിയിരുന്നു .അതിനാല്‍ അയ്യരും കുടുംബവും പട്ടിണി കിടക്കേണ്ട സാഹചര്യം ഇല്ലായിരുന്നു . എന്നാല്‍ ഇപ്പോള്‍ അന്നദാനം ഇല്ല. അയ്യരും കുടുംബവും പട്ടിണിയുടെ രുചി അറിഞ്ഞു തുടങ്ങി .കര്‍മങ്ങളില്‍ നിന്ന് കിട്ടുന്ന ദക്ഷിണ കൊണ്ടും മറ്റും അയ്യര്‍ ജീവിതം തള്ളി നീക്കി . അപ്പോഴാണ്‌ ഈ ഗോദാന സൌഭാഗ്യം അയ്യര്‍ക്കുണ്ടായത് . റാണി പശുവിന്റെയും കുട്ടിയുടെയും മൂക്കുകയര്‍ കയ്യില്‍ ഏല്‍പ്പിക്കുമ്പോള്‍ അയ്യരുടെ കണ്ണ് നിറഞ്ഞു .അയ്യര്‍ തന്റെ ആഗ്രഹരത്തിന്റെ പിന്നാമ്പുറത്ത് ഒരു ആല ശരിയാക്കിയിരുന്നു .

അയ്യര്‍ പശുവുമായി വരുമ്പോള്‍ ഒരു പെട്ടിക്കടയില്‍ നിന്നു, ഒരു സോഡാ കുടിക്കുമ്പോള്‍ "സാമി. സാമി ". അയ്യരെ ആരോ വിളിച്ചു . തിരിഞ്ഞു നോക്കുമ്പോള്‍ അതൊരു മുസ്ലിം യുവാവായിരുന്നു " സാമി ഈ പശു കൊടുക്കാനുള്ളതാണോ?" ഒരു പരിഹാസ ചിരിയോടെ അയ്യര്‍ മറുപടി പറഞ്ഞു "ഏയ് ഇതൊന്നും കൊടുക്കില്ല .ഇത് അഞ്ചു ലിറ്റര്‍ പാലെങ്കിലും തരും "ഇത് കേട്ട് മുസ്ലിം യുവാവ് ചിരിച്ചു "അഞ്ചു ലിറ്റര്‍? ഈ പശുവോ ? പിന്നെ സാമി ഒരു കാര്യം കൂടി ഈ മൂരി കുട്ടന്‍ ഈ പശുവിന്റെതല്ല ."
ഇത് കേട്ട് ഒരു ഞെട്ടലോടെ അയ്യര്‍ ചോദിച്ചു" അതെങ്ങനെ ?""കണ്ടില്ലേ അടുത്തുപോകുമ്പോള്‍ പശു മൂരികുട്ടനെ അകറ്റുന്നത് ..."യുവാവ് മറുപടി പറഞ്ഞു
എന്ത് ചെയ്യണമെന്നറിയാതെ അയ്യര്‍ കുഴങ്ങി . യുവാവ് പറഞ്ഞു "എന്റെ പേര് അലി .സാമിക്ക് ഈ പശു കൊടുക്കണം എന്നുണ്ടെങ്കില്‍ എന്നെ ഈ കടയില്‍ വന്നു പറഞ്ഞാല്‍ മതി ഞാന്‍ വരാം "
അയ്യര്‍ പശുവും കുട്ടിയുമായി വീട്ടില്‍ എത്തി .പശുവിനെയും കുട്ടിയെയും ആലയില്‍ കെട്ടി .അയ്യരുടെ ഭാര്യ ഗോമതി അമ്മാള്‍ സന്തോഷം കൊണ്ട് തുള്ളി ചാടി "ഇനി എല്ലാ നാളയ്ക്കും പാല്‍ സാപ്പിടലാം "അമ്മാള്‍ കുട്ടികളോട് പറഞ്ഞു .കുട്ടികള്‍ പശുവിനും കുട്ടിക്കും പേരിട്ടു "നന്ദിനി , കണ്ണന്‍ " അയ്യര്‍ ഒന്നും മിണ്ടിയില്ല "എന്തായാലും നോക്കാം. ചെലപ്പോ പശു കനിഞ്ഞാലോ ?" അമ്മാള്‍ വൈക്കോലും കാടിയും കൊടുത്തു .അടുത്ത ദിവസം അമ്മാള്‍ ചെന്ന് നോക്കി പശു ഒന്നും കഴിച്ചിട്ടില്ല .പാല്‍ കറക്കാന്‍ വന്ന പാല്‍ക്കാരനെയും പശു ആക്രമിച്ചു .മൂരികുട്ടന്‍ ഒന്നും കഴിക്കാതെ അവശനിലയിലാണ് .അയ്യര്‍ ഉടനെ പെട്ടിക്കടയിലേക്ക്‌ പോയി അലിയെ വിളിച്ചു . അലി വന്നു നോക്കിയിട്ട് പറഞ്ഞു "സാമി പശുവിനെ ഞാന്‍ എടുക്കാം പക്ഷെ സാമി ഇങ്ങോട്ട് പൈസ തരണം ഇതിനെ കൊണ്ട് പോകണ്ടേ ?"അയ്യര്‍ മനസ്സില്‍ വിചാരിച്ചു "പശു വെള്ളം പോലും കുടിക്കാതെ ഇവിടെ മരിച്ചാല്‍ അത് ബ്രഹ്മഹത്യയാകും ".വീട്ടില്‍ ബാക്കിയുണ്ടായിരുന്ന പൈസ അലിയെ ഏല്പിച്ചു പറഞ്ഞു "ഉടനെ ഈ പശുവിനെയും പൈയ്യിനെയും ഇവിടെ നിന്ന് കൊണ്ട് പോകു "അലി ഒരു വാഹനം കൊണ്ടുവന്നു, പശുവിനെയും പൈയ്യിനെയും കൂടികൊണ്ട് പോയി. വണ്ടി പോയതും അയ്യരെ ആരോ പിന്നിലേക്കു വിളിച്ചു
" ഡേയ് മണിയാ, ഇന്നയ്ക്ക് ഒരു ചാത്തം ഇരുക്ക്‌ നീ വറായ?" .വാധ്യാര്‍‍ ശ്രദ്ധത്തിനായി അയ്യരെ വിളിച്ചു . അയ്യര്‍ ഇറങ്ങാന്‍ തയ്യാറെടുക്കുമ്പോള്‍ ഒരു ജീപ്പ് വിളംബരവുമായി വന്നു ...എ കെ ജി പ്രസംഗിക്കുന്നു .