Thursday, September 25, 2008

ഓര്‍മയിലെ കൈയ്യൊപ്പ്

"ഇതു പോലെ എഴുതാന്‍ ഇനി ആര്‍ക്കാ കഴിയുക? "

"നീ ഒരു കടുത്ത എം ടി ഫാനായെന്നു തോന്നുന്നു "

"ആയിപ്പോകും അരുണേ എന്താ ഈ ഭാഷയുടെ ഒരു ശക്തി ? ഒരാള്‍ക്ക് ഇങ്ങനെ ഒക്കെ എങ്ങനെയാ എഴുതാന്‍ കഴിയുക "

തീവണ്ടി യാത്രയുടെ താളത്തില്‍ ഞങ്ങളുടെ സാഹിത്യ ചര്‍ച്ച പുരോഗമിച്ചു

"നീ കരുതുന്നത് പോലെ ഒന്നുമല്ല എം ടി യുടെ രചനകള്‍ അതില്‍ വിപ്ലവകരമായി ഒന്നും ഇല്ല .ഒരു കാലഘടത്തിന്‍റെ ചില നേര്ത്ത രേഖകള്‍ അതില്‍ കവിഞ്ഞു നോക്കിയാല്‍ മഹാഭാരത കഥയുടെ, ബൈബിളിന്‍റെ ചില വ്യത്യസ്ത വീക്ഷണങ്ങള്‍ .ഞാന്‍ പറയും ബഷീറാണ് ഏറ്റവും വിപ്ലവകരമായ കഥകള്‍ എഴുതിയ വ്യക്തി 'പ്രേമലേഖനം' മാത്രം ഉദാഹരണമായി എടുക്കാം .അതില്‍ കവര്‍ ചെയ്യുന്ന സാമൂഹിക പ്രശ്നങ്ങള്‍ പിന്നീട് വന്ന ഒരു സാഹിത്യകാരന്മാരും തൊടാന്‍ പോലും ധൈര്യപ്പെടാത്തവയാണ്"

"ഞാന്‍ പൂര്‍ണമായി യോജിക്കുന്നു ബഷീര്‍ വിശ്വസാഹിത്യകാരന്‍ തന്നെ .പക്ഷെ എം ടി എം ടി തന്നെയാണ് . രണ്ടും രണ്ടു സര്‍വ്വകലാശാലകള്‍ "

"എന്തോ എനിക്ക് ഈ കണ്ടെത്തലിനോട് യോജിക്കാന്‍ കഴിയുനില്ല എം ടി യുടെ രചനകള്‍ മോശം എന്ന് പറയാന്‍ ഞാന്‍ ആളല്ല. പക്ഷെ എം ടി യെ പൂര്‍ണ്ണമായി അംഗീകരിക്കാന്‍ എനിക്ക് കഴിയുന്നില്ല " അരുണ്‍ മറുപടി നല്കി

പുറത്തു മഴപെയ്യുന്നുണ്ടായിരുന്നു ജനാലയിലൂടെ മഴച്ചാറലുകള് മുഖത്തടിച്ചു. ഏതോ ഓണപ്പതിപ്പ് എം ടി യുടെ 'മഞ്ഞ്' സിനിമയായ അനുഭവം വിശദീകരിച്ചു . ഞാന്‍ ആ ലേഖനം വായിക്കവേ ടി ടി ഈ വന്നു .ഞാന്‍ ടിക്കറ്റ് അദ്ദേഹത്തിന്റെ നേര്‍ക്ക്‌ നീട്ടി

"എന്താ ഈ ലേഖനം പറയുന്നതു " സൌമ്യഭാഷിയായ അദ്ദേഹം എന്നോട് ചോദിച്ചു

"എം ടി യുടെ 'മഞ്ഞ്' സിനിമയായ അനുഭവം വിവരിക്കുകയാണ് "

"എം ടി സര്‍ സെക്കന്റ് എ സി യില്‍ യാത്രചെയ്യുകയാണ് " ടി ടി ഈ പറഞ്ഞു

ഇതു കേട്ടതും ഞാന്‍ മതി മറന്നു സന്തോഷിച്ചു. ഞാന്‍ ബഹുമാനിക്കുന്ന മഹാനായ എഴുത്തുകാരന്‍ ഞാന്‍ സഞ്ചരിക്കുന്ന അതെ വണ്ടിയില്‍ സഞ്ചരിക്കുന്നു. ഈ യാത്രയുടെ ഓര്‍മയ്ക്കായി എനിക്ക് അദ്ദേഹത്തിന്റെ ഒരു ഓട്ടോഗ്രാഫ് വാങ്ങിക്കണം. അദ്ദേഹത്തെ ഒരുപാട് സദസ്സുകളില്‍ വെച്ചു കണ്ടിടുണ്ട് എങ്ങിലും......ഈ യാത്ര അവിസ്മരണീയമാണ്...

"നിനക്കു വട്ടാണ് സെക്കന്റ് എ സി ഇവിടെ നിന്നും നാലഞ്ച് ബോഗി അകലെയാണ് പിന്നെ ട്രെയിന്റെ ഉള്ളിലൂടെ പോകാം എന്ന് വിചാരിക്കണ്ട, ആ കതക് പൂട്ടിയിരിക്കുകയാണ് ". അരുണ്‍ പറഞ്ഞു

"ചില വട്ടുകള്‍ ഇങ്ങനെയാടാ അരുണേ. ഇതൊന്നും പറഞ്ഞ നിനക്കു മനസ്സിലാകില്ല "

"ഈ മഴ സമയത്തു ബോഗിയൊക്കെ കണ്ടെത്തി പോകുന്നത് അപകടകരമാണ് "അരുണ്‍ മുന്നറിയിപ്പ് നല്കി

ഈ മുന്നറിയിപ്പൊന്നും വകവെയ്ക്കാതെ ഞാന്‍ സെക്കന്റ് എ സി കണ്ടെത്താന്‍ തന്നെ തീരുമാനിച്ചു . രാത്രികാല വണ്ടികള്‍ ചെറിയ സ്റ്റേഷനില്‍ നിര്‍ത്തിയില്ല .ട്രെയിന്‍ പ്രമുഖമായ ഒരു സ്റ്റേഷനില്‍ നിര്‍ത്തിയതും ഞാന്‍ ഓണപ്പതിപ്പുമായി ഇറങ്ങി .ഓട്ടോഗ്രാഫ് ആ ലേഖനത്തില്‍ തന്നെ വാങ്ങിക്കണം എന്ന് ഞാന്‍ ഉറപ്പിച്ചു. സെക്കന്റ് എ സി തേടി ഞാന്‍ നടന്നു. ഒടുവില്‍ കണ്ടെത്തി. ഞാന്‍ ആ ബോഗിയില്‍ കയറിയതും ട്രെയിന്‍ നീങ്ങി.

അതാ ഇരിക്കുന്നു എം ടി അദ്ദേഹം ഭക്ഷണം കഴിക്കുകയാണ് ഓട്ടോഗ്രാഫ് ചോദിയ്ക്കാന്‍ ഇതു നല്ല സമയം അല്ല. ഞാന്‍ പുറത്തു കാത്തു നിന്നു. അപ്പോഴും മഴപെയ്യുന്നുണ്ടായിരുന്നു ചില മിന്നല്‍പ്പിണറുകള്‍ ഫോട്ടോഫ്ലാഷ് പോലെ വന്നു പോയി . തീവണ്ടി ചൂളം മൂളി മുന്നോട്ടു പോയി

അദ്ദേഹം ഭക്ഷണം കഴിച്ച് പൊതിയും പേപ്പറുമായി പുറത്തേയ്ക്ക് വന്നു, കൈകഴുകി

അദ്ദേഹത്തെ ഇത്ര അടുത്ത് കാണുന്നത് ഇതാദ്യമായിട്ടാണ്. എന്തോ ചിന്തകള്‍ അദ്ദേഹത്തിന്റെ മനസ്സിലൂടെ പോവുകയായിരുന്നോ ?അതോ ഏതെങ്കിലും രചനയുടെ ആലോചനയാണോ?

തിരിച്ചു അദ്ദേഹം സീറ്റില്‍ ഇരിക്കുന്നത് വരെ കാത്തു നിന്നു

ചെറിയഭയാശങ്കകളോടെ ഞാന്‍ അദ്ദേഹത്തെ സമീപിച്ചു "സര്‍ , ഒരു ഓട്ടോഗ്രാഫ് "അദ്ദേഹം മുഖമൊന്നുയര്‍ത്തി നോക്കി "എന്‍റെ ഏകാന്തത നശിപ്പിക്കാന്‍ വന്ന ആശുഭജന്തു " ഇതായിരിക്കുമോ അദ്ദേഹത്തിന്റെ മനസ്സില്‍?

പതിപ്പ് വാങ്ങി അദ്ദേഹം ചോദിച്ചു "ഇതു ഏതാ പുസ്തകം ?"

"മാധ്യമം ആഴ്ചപതിപ്പ് "

"ആരാ ഈ ലേഖനം എഴുതിയത്?"

"ബാലകൃഷ്ണന്‍ "

അദ്ദേഹം കീശയില്‍ നിന്നും പേനയെടുത്ത് ലേഖനത്തില്‍ ഒപ്പിട്ടു "സര്‍ കോഴിക്കോട്ടെയ്ക്കാണോ ? " അദ്ദേഹം സ്വതസിദ്ധമായ ഗൌരവത്തില്‍ പറഞ്ഞു "അതെ കോഴിക്കോട്ടെയ്ക്കാ...". പുസ്തകം തിരികെ തരുകയും ചെയ്തു

"താങ്ക് യു‌ സര്‍ " ഞാന്‍ പിന്‍വാങ്ങി മഷിപ്പേനയായതിനാല് ഒപ്പ് പടര്‍ന്നിരുന്നു

മഹനീയ സൃഷ്ടികള്‍ രചിച്ച തൂലികെ .... നിനക്കെന്റെ നമസ്ക്കാരം ...മനസ്സു പുറത്തെ മഴയുടെ താളത്തില്‍ നൃത്തം ചവിട്ടി, തീവണ്ടി ചൂളം മൂളി മുന്നോട്ടു നീങ്ങി

തീവണ്ടി ഏതോ സ്റ്റേഷനില്‍ നിര്‍ത്തി, ഞാന്‍ എന്‍റെ ബോഗിയുടെ നേര്‍ക്ക്‌ നടന്നു

തീവണ്ടി പെട്ടെന്ന് മുന്നോട്ടു നീങ്ങി. ഞാന്‍ പുസ്തകവുമെടുത്ത്‌ ഓടി . പ്ലാറ്റ്ഫോമില്‍ കെട്ടികിടന്ന വെള്ളം വസ്ത്രത്തില്‍ തെറിച്ചു ഞാന്‍ മുഴുവന്‍ ശക്തിയുമെടുത്തു ഓടി. എന്‍റെ കൈവരിയില്‍ പിടിച്ചു കയറി. പൊടുന്നനെ ഒരു ഫോട്ടോഫ്ലാഷ് മിന്നല്‍ രൂപത്തില്‍ മുഖത്തടിച്ചു. കൈയ്യിലെ പുസ്തകം വഴുതി പാളങ്ങള്‍ക്കിടയില്‍ പോയി. ഒരു നിമിഷം എന്ത് ചെയ്യണമെന്നറിയാതെ ഞാന്‍ കുഴങ്ങി

അരുണ്‍ ഓടി വന്ന് കയ്യില്‍ പിടിച്ചു ട്രെയിനില്‍ കയറ്റി

" ഓട്ടോഗ്രാഫ് കിട്ടിയോ ?"

"കിട്ടി പക്ഷെ പോയി..."

"എവിടെ പോയി ?".......................................................................................

തിരിച്ചു ഞാന്‍ സീറ്റില്‍ വന്നിരുന്നു പുറത്തു അപ്പോഴും മഴ പെയ്യുന്നുണ്ടായിരുന്നു

"നീ എന്താ ആലോചിക്കുന്നത് ?" അരുണ്‍ എന്നോട് ചോദിച്ചു

"പാളങ്ങളില്‍ ഇപ്പോഴും മഴ പെയ്യുന്നുണ്ടാകും അല്ലെ "

"ഉണ്ടാവാം "

ഞാന്‍ മനസ്സില്‍ ആ രംഗം ചിത്രീകരിക്കാന്‍ ശ്രമിച്ചു മഴത്തുള്ളികള്‍ വീണ് പടര്‍ന്ന് ഇല്ലാതാകുന്ന ആ ഓട്ടോഗ്രാഫ്.... എം ടി യുടെ കൈയ്യൊപ്പ്

കടപ്പാട് :[ റെ ബ്രാട്ബറിയുടെ ചെറുകഥയാണ് ഈ കഥയ്ക്ക്‌ പ്രചോദനം. എം ടി യെ ഒരു തീവണ്ടി യാത്രയ്ക്കിടയില്‍ കണ്ടതും ഓട്ടോഗ്രാഫ് വാങ്ങിയതും ഈ കഥയുടെ ആധാരം ]

Sunday, September 21, 2008

താടിക്കാര്യം

താടി നന്നേ വളര്‍ന്നിരിക്കുന്നു.....നേരത്തെ കുറ്റിത്താടി രൂപത്തിലായിരുന്നു...മീശയ്ക്കു കട്ടി പോരാ...വെറും മുടിയല്ലേ എന്ന് വിചാരിച്ച് വെറുതെ വിട്ടു...പക്ഷെ ഇതുകാരണം ഞാന്‍ അനുഭവിക്കേണ്ടി വന്ന പ്രശ്നങ്ങള്‍ , മാനസിക പ്രശ്നങ്ങള്‍ .....


ഏതൊരു മനുഷ്യനെയും ആദ്യം സ്വാധീനിക്കുന്നത് കുടുംബമാണല്ലോ, അതിനാല്‍ ആദ്യം എന്‍റെ സ്വന്തം അമ്മയില്‍ നിന്നു തന്നെ തുടങ്ങാം. രാവിലെ എഴുന്നേറ്റു വന്നതും ചായ പോലും തരാതെ അമ്മ തുറന്നടിച്ചു "നിന്നെ ഇപ്പൊ കണ്ടാല്‍ ഒരു മുസ്ലിം ചെറുക്കനെ പോലെയുണ്ട്, പോയി താടി എടുത്തു ബ്രാഹ്മണ യുവാവായി തിരിച്ചു വരൂ ".അച്ഛന്‍ ജീവിച്ചിരിക്കുമ്പോള്‍ ബ്രാഹ്മണ യുവാക്കള്‍ താടിയും മീശയും വെക്കാന്‍ പാടില്ലത്രേ. താടിയും മീശയും ദീക്ഷയായി മാത്രമെ വെക്കാവൂ. മനുസ്മൃതിയില്‍ ചിലപ്പോള്‍ ഇങ്ങനെ പറഞ്ഞിട്ടുണ്ടാകാം. അറിയാതെ എന്‍റെ മനസ്സില്‍ ഒരു ചോദ്യം ഉയര്ന്നു വന്നു "ഈ ആത്മാവിന് അല്ലെങ്കില്‍ ആത്മന് മുടിയുണ്ടോ ?" അയ്യോ വേണ്ട, എനിക്ക് ഇനിയും ഈ വീട്ടില്‍ ജീവിക്കണം അതിനാല്‍ ചോദിച്ചില്ല.

അമ്മ ഇങ്ങനെ ഒക്കെ പറഞ്ഞെങ്കിലും താടി എടുക്കാന്‍ ഞാന്‍ തയ്യാറായില്ല. പതിവു പോലെ ഞാന്‍ ഓഫീസിലേക്ക് പോയി.

എന്‍റെ ബോസ്സ് കൊച്ചു വര്‍ത്തമാനങ്ങള്‍ക്ക്‌ മുതിരാതെ ചിരിച്ചു കൊണ്ടു ചോദിച്ചു "എന്താ ഭാസ്കര്‍ മുഖത്ത് ഒരു താടിയൊക്കെ? This is not a professional attire ."" എനിക്ക് നല്ല സുഖം ഇല്ല സര്‍ അത് കൊണ്ടാ ഇങ്ങനെ. I am sorry sir "പിന്നെയും ഒരു ചോദ്യം മനസ്സില്‍ വന്നു "ആപ്പിളിന്റെ മുതിര്‍ന്ന നേതാവ് സ്റ്റീവ് ജോബ്സ് കുറ്റിതാടിയും മീശയുമായ് നടക്കുന്നു Is that a professional attire?". വേണ്ട എനിക്ക് ഇനിയും ഈ ഓഫീസില്‍ വരാനുള്ളതാ. അവിടെയും ഞാന്‍ ഒന്നും ചോദിച്ചില്ല


ഓഫീസില്‍ സീറ്റില്‍ വന്നിരുന്നതും മിസ്റ്റര്‍ ഗോപാല്‍ വന്നു. അദ്ദേഹം നന്നേ ക്ഷീണിതനാണ്. അദ്ദേഹത്തിന്‍റെ പ്രണയിനി നിര്‍മല വേറെ ഒരാളെ കല്യാണം കഴിച്ചു, അതിന്റെ പരദൂഷണ കഥകള്‍ ഓഫീസില്‍ പാറിനടക്കുകയായിരുന്നു. ഗോപാലും ഞാനും ഓഫീസ് കാര്യങ്ങള്‍ ചര്ച്ച ചെയ്തു. പിരിയുമ്പോള്‍ ഗോപാല്‍ ചോദിച്ചു "എന്താ ഭാസ്കര്‍ തന്നെയും വല്ല പെണ്‍കുട്ടികളും പറ്റിച്ചോ,? ഒരു താടിയോക്കെയിണ്ടല്ലോ" . "എല്ലവര്‍ക്കും തന്‍റെ അനുഭവമാണെന്ന് കരുതരുത് " എന്ന് ചോദിയ്ക്കാന്‍ ഞാന്‍ മുതിര്‍ന്നു പക്ഷെ ചോദിച്ചില്ല, ചോദിച്ചാല്‍ ചിലപ്പോ ഈ സഹപ്രവര്‍ത്തകനുമായി എനിക്ക് ഒരേ ഓഫീസില്‍ കഴിച്ചുകൂട്ടാന്‍ പറ്റില്ല. എന്തിനാ വെറുതെ ഒരു വിരോധം ? ഞാന്‍ അവിടെ ഇരുന്നു ഒരു കഴുതയെപ്പോലെ ചിരിക്കുകയായിരുന്നു.


ആ ദിവസത്തെ പണിയൊക്കെ തീര്‍ത്ത്‌ ഞാന്‍ വീട്ടില്‍ വന്നു കയറിയപ്പോള്‍ അമ്മയ്ക്ക് ഒരു ആഗ്രഹം വലിയമ്മയെ കാണണം. അമ്മയെയും കൂട്ടി ഞാന്‍ വലിയമ്മയുടെ വീട്ടില്‍ വന്നു. അവിടെ തമാശ, കൊച്ചുവര്‍ത്തമാനങ്ങള്‍ എന്നിവ പങ്കുവെയ്ക്കെ വലിയമ്മ ചായയുമായി വന്നു "എന്താടാ മുഖത്ത് ഒരു പൂച്ചപ്പൂട". കിട്ടിയ അവസരം ഒട്ടും കളയാതെ അമ്മ ഇടപെട്ടു"അവന്റെ ഭാര്യക്ക്‌ ഇപ്പൊ ആറാം മാസമല്ലേ അതിന് വേണ്ടിയ ഈ ദീക്ഷ ". അവിവാഹിതനായ എന്നെ കളിയാക്കിയ സന്തോഷത്തില്‍ എല്ലാവരും പൊട്ടിച്ചിരിച്ചു. ഞാനും ആ ചിരിയില്‍ പങ്കുചേര്‍ന്നു.

തിരികെ വീട്ടില്‍ മടങ്ങുന്ന വഴിയില്‍ അമ്മയുമായി അമ്പലത്തില്‍ കയറി. തൊഴുതു പ്രദക്ഷിണം വെച്ചു പ്രസാദം വാങ്ങിക്കാന്‍ നിന്നു. പ്രസാദം തന്ന് ഉണ്ണി നമ്പൂതിരി ചോദിച്ചു "എന്താ ഭാസ്കരാ സന്യസിക്കാന്‍ വല്ല തീരുമാനവും ഉണ്ടോ? ഒരു താടിയിണ്ടല്ലോ ""യ്യോ!!! ഇവിടെ ഉള്ള സന്യാസിമാരെ കൊണ്ടുതന്നെ ഒരു നിവര്‍ത്തിയും ഇല്ല ,ആ കൂട്ടത്തില്‍ ഞാന്‍ കൂടി എന്തിനാ ?" അമ്പലത്തില്‍ ഒരു ചിരിവിടര്‍ന്നു.

ഞാന്‍ അമ്മയുമായി വീടിലേക്ക്‌ തിരിക്കെ അമ്മ ഓര്‍ത്തു, വീട്ടില്‍ പച്ചക്കറി, പാല്‍ ആദിയായവ ഇല്ല. അമ്മയെ ഒരു ഓട്ടോവില്‍ കയറ്റി വിട്ടിട്ട് ഞാന്‍ പച്ചക്കറി വാങ്ങാന്‍ തിരിച്ചു .വഴിയില്‍ വെച്ചു സഖാവ് അയ്യപ്പനെ കണ്ടു " എന്താടോ താന്‍ ശബരിമലയ്ക്ക് പോകുന്നോ ? ഒരു താടി വളര്‍ത്തല്‍ ?""അങ്ങനെ ഒന്നും ഇല്ല സഖാവെ താടി എടുത്തില്ല അത്രതന്നെ ""ഈ താടി വെച്ചാല്‍ താന്‍ വലിയ ബുദ്ധിജീവി ഒന്നും ആവില്ല കേട്ടോ ""അയ്യോ ഞാന്‍ ബുദ്ധിജീവി അല്ലേ !!!"ചോദ്യങ്ങള്‍ തീരാത്ത എന്‍റെ മനസ്സില്‍ ഒരു ചോദ്യം കൂടി ഉയര്ന്നു "മാര്‍ക്സ് ബുദ്ധിജീവിയാണോ? അദ്ദേഹത്തിനും താടിയുണ്ടല്ലോ" സഖാവിനോട് ഇതു ചോദിക്കണം എന്നുണ്ട് പക്ഷെ ചോദിച്ചില്ല. ചിലപ്പോ അച്ചടക്ക ലംഘനം ആയാലോ ? എന്തിനാ പുലിവാല് ? അവിടെയും ഞാന്‍ ഒന്നും ചോദിച്ചില്ല.

പച്ചക്കറി പാല്‍ എന്നി‍വ വാങ്ങി തിരിക്കുമ്പോള്‍ നന്നേ വൈകിയിരുന്നു. ഓട്ടോ ഒന്നും കിട്ടിയില്ല. ഞാന്‍ നടക്കാന്‍ തന്നെ തീരുമാനിച്ചു . ഞാന്‍ നടന്നു വരവേ ഒരു പോലീസ് ജീപ്പ് എന്‍റെ മുന്നില്‍ വന്നു നിന്നു. അതില്‍ നിന്നും ഒരു പോലീസുകാരന്‍ ഇറങ്ങി വന്നു. "എന്താ എവിടെയ്ക്കാ..?" ഞാന്‍ വിലാസം പറഞ്ഞു കൊടുത്തു. "നിന്നെ കണ്ടാല്‍ ഒരു മുസ്ലിം തീവ്രവാദിയെപ്പോലെയുണ്ടല്ലോ ?നിന്നെ ശരിക്ക് പരിശോധിച്ചിട്ടേ വിടുനുള്ള്" ഭാഗ്യത്തിന് എന്‍റെ കയ്യില്‍ ഓഫീസ് ഐ ഡി ഉണ്ടായിരുന്നു. അത് കാട്ടി തടി തപ്പി . അറിയാതെ എന്‍റെ മനസ്സില്‍ ഒരു ചോദ്യം തലപൊക്കി "താടി വെച്ചവരെല്ലാം മുസ്ലിം തീവ്രവാദികളാണോ സര്‍ ?" ഇല്ല ഇവിടെയും ഞാന്‍ ചോദ്യം ചോദിച്ചില്ല

അടുത്ത ദിവസം എഴുന്നേറ്റു മുഖം ഞാന്‍ കണ്ണാടിയില്‍ നോക്കി.

താടി നന്നേ വളര്‍ന്നിരിക്കുന്നു.....നേരത്തെ കുറ്റിത്താടി രൂപത്തിലായിരുന്നു...മീശയ്ക്കു കട്ടി പോരാ...വെറും മുടിയല്ലേ എന്ന് വിചാരിച്ച് വെറുതെ വിട്ടു...പക്ഷെ ഇതുകാരണം ഞാന്‍ അനുഭവിക്കേണ്ടി വന്ന പ്രശ്നങ്ങള്‍ , മാനസിക പ്രശ്നങ്ങള്‍ .....

അതിനാല്‍ ഞാന്‍ താടി എടുക്കാന്‍ തീരുമാനിച്ചു. ഒരു ഫ്രഞ്ച്‌ താടിയാക്കാം ...ബുള്‍ഗാന്‍... അങ്ങനെ ബുള്‍ഗാനാക്കി .....

പുതിയ രൂപത്തില്‍ . ഭാവത്തില്‍ അമ്മയെ കണ്ടു "ഇപ്പൊ നിന്നെ കണ്ടാല്‍ ഒരു ബ്ലേഡ് കമ്പനി മുതലാളിയെപ്പോലെയുണ്ട്. ഒരു fraud look "എന്നെ ഒരു തരത്തിലും ജീവിക്കാന്‍ ഇവര്‍ സമ്മതിക്കുന്നില്ല.

മനസ്സില്‍ ആരും കേള്‍ക്കാതെ ഞാന്‍ പാടി

"സ്വാതന്ത്ര്യം തന്നെ അമൃതം

സ്വാതന്ത്ര്യം തന്നെ ജീവിതം

പാരതന്ത്ര്യം മാനികള്‍ക്ക്

മൃതിയെക്കാള്‍ ഭയാനകം"

Sunday, September 14, 2008

പുനരഭിജനനം

ഇന്നെന്‍റെ അഗസ്റ്റ് 15...ഈ ദിവസത്തിനായുള്ള കാത്തിരിപ്പ് തുടങ്ങിയിട്ട് ഒരുപാട് നാളായിരിക്കുന്നു , നഗരത്തിന്‍റെ ബഹളത്തില്‍ നിന്നും അവള്‍ നീങ്ങി, സ്വാതന്ത്രയായി .ജനിച്ച് കണ്ണുതുറന്നു നോക്കുന്ന കുഞ്ഞിനെപ്പോലെ അവള്‍ എല്ലാം നോക്കിക്കണ്ടു, എല്ലാം പുതുമയുള്ള കാഴ്ചകള്‍ . ഭൂമിയുടെ ഭംഗി അവളെ വല്ലാതെ ആകര്‍ഷിച്ചു . അവള്‍ സര്‍വ്വശക്തിയുമെടുത്ത്‌ നീങ്ങി , ദീര്‍ഘനാളത്തെ നിദ്രയുടെ ശേഷിപ്പില്‍ നിന്നും ഊര്‍ജം ഉള്‍ക്കൊണ്ട് , അവള്‍ സര്‍വ്വശക്തിയുമെടുത്ത് നീങ്ങി . സൂര്യന്റെ നേര്‍ത്തക്കിരണങ്ങള്‍ അവളുടെ മുഖത്തടിച്ചു , കണ്ണ് മഞ്ഞളിച്ചതാല്‍ അവള്‍ മുഖം തിരിച്ചു . ഇല്ല ഇനിയെനിക്ക് ചട്ടക്കൂടുകളില്ല , ഞാന്‍ സ്വതന്ത്രയായി ..... ഈ ഒരു ദിവസം എന്‍റെ സ്വപ്നമായിരുന്നു ...ഒടുവില്‍ ആ ദിവസം വന്നിരിക്കുന്നു ......

അതാ അവള്‍ക്ക് ചിറകുമുളയ്ക്കുന്നു ...പറക്കാന്‍ കൊതിച്ച നാള്‍ വന്നിരിക്കുന്നു ....അവള്‍ തന്‍റെ ചിറകുകള്‍ മെല്ലെ ചലിപ്പിച്ചു ശക്തിയോടെ ചിറകുകള്‍ നീക്കി പറന്നു ....ഇനിയും ഒരു ജന്മം , പൂവുകള്‍ത്തേടി ....അവള്‍ സൂര്യനെ നോക്കി പറന്നു പറന്നു എങ്ങോ മാഞ്ഞുപ്പോയി ....

നഗരയാന്ത്രികതയ്ക്കിടയിലെ മനോഹരമായ ഉദ്യാനത്തില്‍ ജോണ്‍ ജോസഫ് , തന്‍റെ ലാപ്ടോപ്പുമായി -വെര്‍ച്ച്വല്‍ ലോകത്തില്‍ സമയം ചിലവാക്കുകയായിരുന്നു ; ജനിച്ച് വളര്‍ന്ന നഗരത്തിന്‍റെ വികസനമില്ലായ്മയെ പഴിച്ചു അവന്‍ നാളുകള്‍ തള്ളിനീക്കി . വികസനത്തിന്‍റെ ഉച്ചത്തിലുള്ള രാജ്യങ്ങള്‍ അവന്‍ ഓടി സഞ്ചരിക്കുമായിരുന്നു . ഈ ഓട്ടത്തിനിടയില്‍ എന്തൊക്കെയോ നേടി , എന്തൊക്കെയോ നഷ്ടപ്പെട്ടു.


പക്ഷെ ഇതൊന്നും അമ്മയ്ക്ക് മനസ്സിലാവില്ലാ ........ അതോ എനിക്ക് അമ്മയെ മനസ്സിലാവാത്തതാണോ ? അറിയില്ല ഇപ്പോഴും ...അമ്മയുടെ അസുഖം കാരണം മാത്രമാണ് ഞാന്‍ ഈ നശിച്ച നഗരത്തില്‍ വന്നത് ...അമ്മയെ ഒരുപാട് വിളിച്ചു ... കൂടെവരാന്‍ ...അമ്മ വന്നില്ലാ . ജോണ്‍ ജോസഫ് ലാപ്ടോപ്പ് നിര്‍ത്തി ചുറ്റും നോക്കി . എവിടെ നിന്നോ ഒരു കാറ്റ് അവനെ തഴുകി . ജോണ്‍ അര്‍ദ്ധ മയക്കത്തിന്റെ വക്കിലെത്തി , ഏതോ സ്ത്രീ ഹസ്തം അവനെ തൊടുന്നതായി അവന് തോന്നി , പെട്ടെന്നവന്‍ എഴുന്നേറ്റു , ആരുമില്ല , ഒരു ചിത്രശലഭം അവന്‍റെ തോളില്‍ വന്നിരുന്നു .. ജോണ്‍ അതിന്‍റെ സൌന്ദര്യം ആസ്വദിക്കവേ ...മൊബൈല്‍ വിറച്ചു ..
"അമ്മയ്ക്ക് അസുഖം കുറച്ചു കൂടുതലാ .....വേഗം ഹോസ്പ്പിറ്റല്‍ വരെ വരണം ". ഭാര്യയുടെ വാക്കുകളില്‍ ദു:ഖമുണ്ടായിരുന്നോ ? ശ്രദ്ധിച്ചില്ല ...
"ചിത്രശലഭമേ , എനിക്ക് പോകണം ..പിന്നെ എപ്പോഴെങ്കിലും കാണാം ". ചിത്രശലഭം അനുസരിച്ചു , അവള്‍ പറന്നകന്നു .

ജോണ്‍ കാറുമായി ആശുപത്രിയിലേക്ക് നീങ്ങി. ആശുപത്രിയില്‍ എത്തിയതും ഡോക്ടര്‍ പുറത്തിറങ്ങി വരുന്നതു കണ്ടു ,അദ്ദേഹം തോളില്‍ തട്ടി . ഭാര്യ കണ്ണീരുമായി വരുന്നതു കണ്ടു . "ജോണ്‍ അമ്മാ ......"അവള്‍ മുഴുമിച്ചില്ല
ജോണ്‍ മുറിയില്‍ പോയിക്കണ്ടു..അമ്മയുടെ തണുത്ത്‌ മരവിച്ച ശരീരം . കണ്ണിലൂടെ ജലം പൊഴിഞ്ഞു .
ജോണ് ‍കണ്ണീര്‍ തുടച്ച് പുറത്തിറങ്ങി. ആശുപത്രി ജനാലയിലൂടെ ജോണ്‍ വിദൂരതയിലേക്ക് നോക്കി നിന്നു.

അതാ ആ ചിത്രശലഭം .....അതിവിടെയും വന്നിരിക്കുന്നു ...ചിത്രശലഭം ജോണിനെ നോക്കി ചിറകടിച്ചു ...അതെ അതെന്‍റെ അമ്മയാ ....ജോണ്‍ തിരിച്ചറിഞ്ഞു
ഇപ്പോഴും ഞാന്‍ നിന്നെ മനസ്സിലാക്കിയില്ലല്ലോ .......ജോണ്‍ ആ ചിത്രശലഭത്തെ തഴുകാന്‍ നോക്കി . പക്ഷെ ചിത്രശലഭം എങ്ങോ പറന്നകന്നു ....