താടി നന്നേ വളര്‍ന്നിരിക്കുന്നു.....നേരത്തെ കുറ്റിത്താടി രൂപത്തിലായിരുന്നു...മീശയ്ക്കു കട്ടി പോരാ...വെറും മുടിയല്ലേ എന്ന് വിചാരിച്ച് വെറുതെ വിട്ടു...പക്ഷെ ഇതുകാരണം ഞാന്‍ അനുഭവിക്കേണ്ടി വന്ന പ്രശ്നങ്ങള്‍ , മാനസിക പ്രശ്നങ്ങള്‍ .....
ഏതൊരു മനുഷ്യനെയും ആദ്യം സ്വാധീനിക്കുന്നത് കുടുംബമാണല്ലോ, അതിനാല്‍ ആദ്യം എന്‍റെ സ്വന്തം അമ്മയില്‍ നിന്നു തന്നെ തുടങ്ങാം. രാവിലെ എഴുന്നേറ്റു വന്നതും ചായ പോലും തരാതെ അമ്മ തുറന്നടിച്ചു "നിന്നെ ഇപ്പൊ കണ്ടാല്‍ ഒരു മുസ്ലിം ചെറുക്കനെ പോലെയുണ്ട്, പോയി താടി എടുത്തു ബ്രാഹ്മണ യുവാവായി തിരിച്ചു വരൂ ".അച്ഛന്‍ ജീവിച്ചിരിക്കുമ്പോള്‍ ബ്രാഹ്മണ യുവാക്കള്‍ താടിയും മീശയും വെക്കാന്‍ പാടില്ലത്രേ. താടിയും മീശയും ദീക്ഷയായി മാത്രമെ വെക്കാവൂ. മനുസ്മൃതിയില്‍ ചിലപ്പോള്‍ ഇങ്ങനെ പറഞ്ഞിട്ടുണ്ടാകാം. അറിയാതെ എന്‍റെ മനസ്സില്‍ ഒരു ചോദ്യം ഉയര്ന്നു വന്നു "ഈ ആത്മാവിന് അല്ലെങ്കില്‍ ആത്മന് മുടിയുണ്ടോ ?" അയ്യോ വേണ്ട, എനിക്ക് ഇനിയും ഈ വീട്ടില്‍ ജീവിക്കണം അതിനാല്‍ ചോദിച്ചില്ല.
അമ്മ ഇങ്ങനെ ഒക്കെ പറഞ്ഞെങ്കിലും താടി എടുക്കാന്‍ ഞാന്‍ തയ്യാറായില്ല. പതിവു പോലെ ഞാന്‍ ഓഫീസിലേക്ക് പോയി.
എന്‍റെ ബോസ്സ് കൊച്ചു വര്‍ത്തമാനങ്ങള്‍ക്ക് മുതിരാതെ ചിരിച്ചു കൊണ്ടു ചോദിച്ചു "എന്താ ഭാസ്കര്‍ മുഖത്ത് ഒരു താടിയൊക്കെ? This is not a professional attire ."" എനിക്ക് നല്ല സുഖം ഇല്ല സര്‍ അത് കൊണ്ടാ ഇങ്ങനെ. I am sorry sir "പിന്നെയും ഒരു ചോദ്യം മനസ്സില്‍ വന്നു "ആപ്പിളിന്റെ മുതിര്‍ന്ന നേതാവ് സ്റ്റീവ് ജോബ്സ് കുറ്റിതാടിയും മീശയുമായ് നടക്കുന്നു Is that a professional attire?". വേണ്ട എനിക്ക് ഇനിയും ഈ ഓഫീസില്‍ വരാനുള്ളതാ. അവിടെയും ഞാന്‍ ഒന്നും ചോദിച്ചില്ല
ഓഫീസില്‍ സീറ്റില്‍ വന്നിരുന്നതും മിസ്റ്റര്‍ ഗോപാല്‍ വന്നു. അദ്ദേഹം നന്നേ ക്ഷീണിതനാണ്. അദ്ദേഹത്തിന്‍റെ പ്രണയിനി നിര്‍മല വേറെ ഒരാളെ കല്യാണം കഴിച്ചു, അതിന്റെ പരദൂഷണ കഥകള്‍ ഓഫീസില്‍ പാറിനടക്കുകയായിരുന്നു. ഗോപാലും ഞാനും ഓഫീസ് കാര്യങ്ങള്‍ ചര്ച്ച ചെയ്തു. പിരിയുമ്പോള്‍ ഗോപാല്‍ ചോദിച്ചു "എന്താ ഭാസ്കര്‍ തന്നെയും വല്ല പെണ്‍കുട്ടികളും പറ്റിച്ചോ,? ഒരു താടിയോക്കെയിണ്ടല്ലോ" . "എല്ലവര്‍ക്കും തന്‍റെ അനുഭവമാണെന്ന് കരുതരുത് " എന്ന് ചോദിയ്ക്കാന്‍ ഞാന്‍ മുതിര്‍ന്നു പക്ഷെ ചോദിച്ചില്ല, ചോദിച്ചാല്‍ ചിലപ്പോ ഈ സഹപ്രവര്‍ത്തകനുമായി എനിക്ക് ഒരേ ഓഫീസില്‍ കഴിച്ചുകൂട്ടാന്‍ പറ്റില്ല. എന്തിനാ വെറുതെ ഒരു വിരോധം ? ഞാന്‍ അവിടെ ഇരുന്നു ഒരു കഴുതയെപ്പോലെ ചിരിക്കുകയായിരുന്നു.
ആ ദിവസത്തെ പണിയൊക്കെ തീര്‍ത്ത് ഞാന്‍ വീട്ടില്‍ വന്നു കയറിയപ്പോള്‍ അമ്മയ്ക്ക് ഒരു ആഗ്രഹം വലിയമ്മയെ കാണണം. അമ്മയെയും കൂട്ടി ഞാന്‍ വലിയമ്മയുടെ വീട്ടില്‍ വന്നു. അവിടെ തമാശ, കൊച്ചുവര്‍ത്തമാനങ്ങള്‍ എന്നിവ പങ്കുവെയ്ക്കെ വലിയമ്മ ചായയുമായി വന്നു "എന്താടാ മുഖത്ത് ഒരു പൂച്ചപ്പൂട". കിട്ടിയ അവസരം ഒട്ടും കളയാതെ അമ്മ ഇടപെട്ടു"അവന്റെ ഭാര്യക്ക് ഇപ്പൊ ആറാം മാസമല്ലേ അതിന് വേണ്ടിയ ഈ ദീക്ഷ ". അവിവാഹിതനായ എന്നെ കളിയാക്കിയ സന്തോഷത്തില്‍ എല്ലാവരും പൊട്ടിച്ചിരിച്ചു. ഞാനും ആ ചിരിയില്‍ പങ്കുചേര്‍ന്നു.
തിരികെ വീട്ടില്‍ മടങ്ങുന്ന വഴിയില്‍ അമ്മയുമായി അമ്പലത്തില്‍ കയറി. തൊഴുതു പ്രദക്ഷിണം വെച്ചു പ്രസാദം വാങ്ങിക്കാന്‍ നിന്നു. പ്രസാദം തന്ന് ഉണ്ണി നമ്പൂതിരി ചോദിച്ചു "എന്താ ഭാസ്കരാ സന്യസിക്കാന്‍ വല്ല തീരുമാനവും ഉണ്ടോ? ഒരു താടിയിണ്ടല്ലോ ""യ്യോ!!! ഇവിടെ ഉള്ള സന്യാസിമാരെ കൊണ്ടുതന്നെ ഒരു നിവര്‍ത്തിയും ഇല്ല ,ആ കൂട്ടത്തില്‍ ഞാന്‍ കൂടി എന്തിനാ ?" അമ്പലത്തില്‍ ഒരു ചിരിവിടര്‍ന്നു.
ഞാന്‍ അമ്മയുമായി വീടിലേക്ക് തിരിക്കെ അമ്മ ഓര്‍ത്തു, വീട്ടില്‍ പച്ചക്കറി, പാല്‍ ആദിയായവ ഇല്ല. അമ്മയെ ഒരു ഓട്ടോവില്‍ കയറ്റി വിട്ടിട്ട് ഞാന്‍ പച്ചക്കറി വാങ്ങാന്‍ തിരിച്ചു .വഴിയില്‍ വെച്ചു സഖാവ് അയ്യപ്പനെ കണ്ടു " എന്താടോ താന്‍ ശബരിമലയ്ക്ക് പോകുന്നോ ? ഒരു താടി വളര്‍ത്തല്‍ ?""അങ്ങനെ ഒന്നും ഇല്ല സഖാവെ താടി എടുത്തില്ല അത്രതന്നെ ""ഈ താടി വെച്ചാല്‍ താന്‍ വലിയ ബുദ്ധിജീവി ഒന്നും ആവില്ല കേട്ടോ ""അയ്യോ ഞാന്‍ ബുദ്ധിജീവി അല്ലേ !!!"ചോദ്യങ്ങള്‍ തീരാത്ത എന്‍റെ മനസ്സില്‍ ഒരു ചോദ്യം കൂടി ഉയര്ന്നു "മാര്‍ക്സ് ബുദ്ധിജീവിയാണോ? അദ്ദേഹത്തിനും താടിയുണ്ടല്ലോ" സഖാവിനോട് ഇതു ചോദിക്കണം എന്നുണ്ട് പക്ഷെ ചോദിച്ചില്ല. ചിലപ്പോ അച്ചടക്ക ലംഘനം ആയാലോ ? എന്തിനാ പുലിവാല് ? അവിടെയും ഞാന്‍ ഒന്നും ചോദിച്ചില്ല.
പച്ചക്കറി പാല്‍ എന്നിവ വാങ്ങി തിരിക്കുമ്പോള്‍ നന്നേ വൈകിയിരുന്നു. ഓട്ടോ ഒന്നും കിട്ടിയില്ല. ഞാന്‍ നടക്കാന്‍ തന്നെ തീരുമാനിച്ചു . ഞാന്‍ നടന്നു വരവേ ഒരു പോലീസ് ജീപ്പ് എന്‍റെ മുന്നില്‍ വന്നു നിന്നു. അതില്‍ നിന്നും ഒരു പോലീസുകാരന്‍ ഇറങ്ങി വന്നു. "എന്താ എവിടെയ്ക്കാ..?" ഞാന്‍ വിലാസം പറഞ്ഞു കൊടുത്തു. "നിന്നെ കണ്ടാല്‍ ഒരു മുസ്ലിം തീവ്രവാദിയെപ്പോലെയുണ്ടല്ലോ ?നിന്നെ ശരിക്ക് പരിശോധിച്ചിട്ടേ വിടുനുള്ള്" ഭാഗ്യത്തിന് എന്‍റെ കയ്യില്‍ ഓഫീസ് ഐ ഡി ഉണ്ടായിരുന്നു. അത് കാട്ടി തടി തപ്പി . അറിയാതെ എന്‍റെ മനസ്സില്‍ ഒരു ചോദ്യം തലപൊക്കി "താടി വെച്ചവരെല്ലാം മുസ്ലിം തീവ്രവാദികളാണോ സര്‍ ?" ഇല്ല ഇവിടെയും ഞാന്‍ ചോദ്യം ചോദിച്ചില്ല
അടുത്ത ദിവസം എഴുന്നേറ്റു മുഖം ഞാന്‍ കണ്ണാടിയില്‍ നോക്കി.
താടി നന്നേ വളര്‍ന്നിരിക്കുന്നു.....നേരത്തെ കുറ്റിത്താടി രൂപത്തിലായിരുന്നു...മീശയ്ക്കു കട്ടി പോരാ...വെറും മുടിയല്ലേ എന്ന് വിചാരിച്ച് വെറുതെ വിട്ടു...പക്ഷെ ഇതുകാരണം ഞാന്‍ അനുഭവിക്കേണ്ടി വന്ന പ്രശ്നങ്ങള്‍ , മാനസിക പ്രശ്നങ്ങള്‍ .....
അതിനാല്‍ ഞാന്‍ താടി എടുക്കാന്‍ തീരുമാനിച്ചു. ഒരു ഫ്രഞ്ച് താടിയാക്കാം ...ബുള്‍ഗാന്‍... അങ്ങനെ ബുള്‍ഗാനാക്കി .....
പുതിയ രൂപത്തില്‍ . ഭാവത്തില്‍ അമ്മയെ കണ്ടു "ഇപ്പൊ നിന്നെ കണ്ടാല്‍ ഒരു ബ്ലേഡ് കമ്പനി മുതലാളിയെപ്പോലെയുണ്ട്. ഒരു fraud look "എന്നെ ഒരു തരത്തിലും ജീവിക്കാന്‍ ഇവര്‍ സമ്മതിക്കുന്നില്ല.
മനസ്സില്‍ ആരും കേള്‍ക്കാതെ ഞാന്‍ പാടി
"സ്വാതന്ത്ര്യം തന്നെ അമൃതം
സ്വാതന്ത്ര്യം തന്നെ ജീവിതം
പാരതന്ത്ര്യം മാനികള്‍ക്ക്
മൃതിയെക്കാള്‍ ഭയാനകം"
No comments:
Post a Comment