Thursday, January 29, 2009

ഒരു ബാ(ബോ)റന് അനുഭവം

മദ്യപാനം ഒരു ദുശീലമല്ല എന്നെന്നോട് പറയരുത് , അതൊരു വൃത്തികെട്ട ശീലം തന്നെയാണ് .പക്ഷെ എന്ത് ചെയ്യാം നമ്മളെ പോലെയുള്ള കുടിമകന്‍മാര്‍ കാരണമാണ് സര്‍ക്കാര്‍ തന്നെ നിലനിന്നു പോകുന്നത്. എന്നിട്ട് മദ്യപാനികള്‍ക്ക്‌ ചീത്തപ്പേരും. കുടിയന്‍, പാമ്പ് ,താമര, ബോട്ട് ....എന്നിങ്ങനെ (ഈയിടെ ഒരു പുതിയ പേരും കേട്ടു "ഡോള്‍ഫിന്‍ ":കാരണം ഇവന്മാര്‍ വെള്ളമടിച്ചു കഴിഞ്ഞാല്‍ കുഴഞ്ഞു കിടക്കും പിന്നെ ചാടി എഴുന്നേല്‍ക്കും .വെള്ളത്തില്‍ ഡോള്‍ഫിനെ പോലെ )

പൊതുവെ ഞാന്‍ ഒരു മദ്യപാനി അല്ല .പാര്‍ട്ടി നിലപാട് വെച്ചു പറഞ്ഞാല്‍ മദ്യനിരോധനമല്ല മറിച്ച് മദ്യവര്‍ജ്ജനമാണ് പാര്‍ട്ടി നിലപ്പാട് .മദ്യം കുടിക്കുകയും പിന്നെ വര്‍ജ്ജിക്കുകയും ചെയ്തിടുണ്ട് ഞാന്‍ . മദ്യവര്‍ജ്ജനത്തെ പറ്റി ഏറ്റവും കൂടുതല്‍ വിചാരിചിടുള്ളത് മദ്യം കഴിക്കുമ്പോഴാണ് .പൊതുവില്‍ നല്ലവരായ മനുഷ്യര്‍ മദ്യപിക്കുമ്പോള്‍ മാറുന്നു . വെള്ളമടിച്ചു കരയുന്നവര്‍ വെള്ളമടിച്ചു സത്യം പറയുന്നവര്‍ വെള്ളമടിച്ചു ചീത്ത വിളിക്കുന്നവര്‍ വെള്ളമടിച്ചു തത്വം പറയുന്നവര്‍ എന്നിങ്ങനെ വെള്ളമടിച്ചു കുട്ടിക്കരണം മറയുന്നവര്‍ വരെയുണ്ട് എന്‍റെ സുഹൃത്തുക്കളായി .

കോളേജില്‍ നിന്നും ഞങ്ങള്‍ ആദ്യമായി ബാംഗ്ലൂരില്‍ (ഇപ്പോള്‍ ബംഗലൂരു) പോകുന്നു . ഐ ടി നഗരമെന്നു പേരുകേട്ട സ്ഥലം . പബ്ബുകളുടെ സ്വന്തം നഗരം .......അങ്ങനെ ഞങ്ങള്‍ ഒരു പബ്ബില്‍ കയറി ......ജീവിതത്തില്‍ ആദ്യമായി കാണുന്ന പബ്ബ് ...ഉള്ളില്‍ അറിയാതെ മുതലാളിതത്തെ വാഴ്ത്തി ....കൂടെയുള്ള സുഹൃത്ത് പറഞ്ഞു "ഭൂമിയിലൊരു സ്വര്‍ഗം ഇതാ ഇവിടെ..." അതുവരെ തിരുവനന്തപുരത്തെ ചില ബാറുകള്‍ മാത്രം കണ്ടിടുള്ള ഞങ്ങള്‍ക്ക് അതൊരു പുത്തന്‍ അനുഭവമായിരുന്നു . കൂടി പോയാല്‍ തിരുവല്ലം എന്ന സ്ഥലത്തെ കള്ളുഷാപ്പും (ഇവിടെ നിന്നും മലയാറ്റൂര്‍ ആദ്യമായി വെള്ളമടിച്ചു എന്ന് വായിച്ചിടുണ്ട് ,വേരുകള്‍ എന്ന പുസ്തകത്തില്‍ ,"പട്ടര്‍ പട്ടാപ്പകല്‍ പട്ടയടിച്ചു ")

ഞങ്ങള്‍ ഒഴിഞ്ഞ ഒരു ഭാഗത്തേക്ക്‌ ചേക്കേറി .സ്ത്രീകള്‍ വെള്ളമടിക്കുന്നത് കണ്ടു കണ്ണ് തള്ളി (അതും ഒരു പുത്തന്‍ കാഴ്ചയായിരുന്നു )ഞങ്ങള്‍ ഓര്‍ഡര്‍ ചെയ്തു വിസ്കി ,ബ്രാണ്ടി , റം , വോഡ്ക, ...ചുരുക്കിപ്പറഞ്ഞാല്‍ "ഒരു ലിറ്ററോളം പയിന്റ്റ്"(കടപ്പാട് : വി കെ യെന്‍ ). ഞാന്‍ ഓര്‍ഡര്‍ ചെയ്തില്ല ,മടിച്ചു നിന്നു , ഒന്നാമതായി അറിയാത്ത സ്ഥലം, , പിന്നെ പാര്‍ട്ടി വിരുദ്ധം .....

"നീ എന്താ കഴിക്കുന്നില്ലേ " ഒരുവന്‍ ചോദിച്ചു
"ഇല്ല ,വേണ്ട ശരിയാവില്ല "
"ഓ ,സഖാക്കള്‍ വെള്ളമ്മടിക്കറില്ലലോ" മറ്റൊരുവന്‍ മൊഴിഞ്ഞു
"അതെ നല്ല സഖാക്കള്‍ മദ്യപിക്കാറില്ല "
"ഒന്നു പോടേ ചൈനയിലെ ആഗോള സഖാക്കന്മാര്‍ മദ്യപിക്കുന്നു , പിന്നെയാ നീ "
പക്ഷെ ഞാന്‍ ഒറച്ചു നിന്നു ..."ഇല്ല ഞാന്‍ മദ്യപിക്കുന്നില്ല "
ഒരു ഓറഞ്ച് ജൂസ് ഓര്‍ഡര്‍ ചെയ്തു . അപ്പോള്‍ ബെയറര്‍ ചോദിച്ചു " വിത്ത് റം ഓര്‍ വോഡ്ക സര്‍ ?"
"നോ നോ പ്ലെയിന്‍ ഓറഞ്ച് ജൂസ്"
അങ്ങനെ എല്ലാവര്‍ക്കും മദ്യമെത്തി എനിക്ക് ഓറഞ്ച് ജൂസും രണ്ടെണ്ണം ഉള്ളില്‍ പോയതും പലവന്റെയും സ്വഭാവം മാറി തുടങ്ങി ഒരുവന്‍ " തീപ്പെട്ടി ...?"
ഒരുവന്‍ തീപ്പെട്ടി നല്കി ."സിഗരട്ട്‌ ആര് നിന്റെ ________ കൊണ്ടു തരുമോ "
മറ്റൊരുവന്‍ തത്വം തുടങ്ങി " എടാ ഈ സോഫ്റ്റ്‌വെയര്‍ ഇല്‍ പണിയെടുത്തു ഒരു യന്ത്രമാകാന്‍ വിധിക്കപെട്ടവരാട നമ്മള്‍ , പക്ഷെ മൂര്‍ത്തി നിന്നിലെ കവി മരിക്കരുത്‌ "
മറ്റൊരുവന്‍ പാട്ടു തുടങ്ങി "ഏഴ് സ്വരങ്ങളും തഴുകി വരുന്നൊരു ഗാനം ..........."
മറ്റൊരുവന്‍ ചീത്ത വിളി തുടങ്ങി "എടാ !@#$@$ മോനേ നീ നിന്റെ അമ്മയോട് പറഞ്ഞു ആ പലഹാരം ഉണ്ടാക്കാന്‍ പറയണം ഇല്ലെങ്ങില്‍ പൊന്നു മോനേ നിന്നെ ഞാന്‍ .............."
ഈ ബഹളങ്ങളില്‍ ഒന്നും പെടാതെ ഒരുവന്‍ മേശയുടെ മേല്‍ കിടന്നു (ഡോള്‍ഫിന്‍ പോലെ ). അവന്‍ ബെയറര്‍ വരുമ്പോള്‍ മാത്രം ഉണര്‍ന്നു . ഞാന്‍ പിന്നെയും ഒരു പ്ലെയിന്‍ ഓറഞ്ച് ജൂസ് പറഞ്ഞു . ബില്‍ അപ്ന അപ്ന ആണെന്ന തീരുമാനത്തിലാണ് ഞങ്ങള്‍ കയറിയത് . ഓരോരുത്തരുടെ ബില്‍ വന്നു . എന്റെയും
ബില്ലിലെ വില കണ്ടു ഞാന്‍ ഞെട്ടി . മദ്യപിച്ചവരെക്കാള്‍ കൂടുതല്‍ വില രണ്ടു ഓറഞ്ച് ജൂസിനു വന്നു ...എന്‍റെ കയ്യിലെ മുഴുവന്‍ പണവും അതോടെ തീര്‍ന്നു. അടുത്തിരുന്ന സുഹൃത്തിന്റെ മദ്യഗ്ലാസ് ഞാന്‍ കയ്യിലെടുത്ത് മോത്തി കുടിച്ചു .ഉള്ളൊന്നു കാളി , "ഹാവൂ ഇനി ഇത്രയും പണം കൊടുക്കാം "

ഈ സമൂഹം ഒരുവനെ നന്നാവാന്‍ സമ്മതിക്കില്ല . ഒരു പഴയ നാടക ഡയലോഗ് ഓര്‍മവന്നു "ഈ സമൂഹമാണ് എന്നെ മദ്യപാനിയാക്കിയത് ...ഈ സമൂഹമാണ് കുറ്റക്കാര്‍ "(വെള്ളമടിക്കാന്‍ ഓരോരുത്തര്‍ പറയുന്ന ന്യായങ്ങള്‍ )

ശുഭം

Sunday, January 25, 2009

ഓര്‍മ്മയിലെ കൈയ്യൊപ്പ്

"ഇതു പോലെ എഴുതാന്‍ ഇനി ആര്‍ക്കാ കഴിയുക? "

"നീ ഒരു കടുത്ത എം ടി ഫാനായെന്നു തോന്നുന്നു "

"ആയിപ്പോകും അരുണേ എന്താ ഈ ഭാഷയുടെ ഒരു ശക്തി ? ഒരാള്‍ക്ക് ഇങ്ങനെ ഒക്കെ എങ്ങനെയാ എഴുതാന്‍ കഴിയുക "തീവണ്ടി യാത്രയുടെ താളത്തില്‍ ഞങ്ങളുടെ സാഹിത്യ ചര്‍ച്ച പുരോഗമിച്ചു



"നീ കരുതുന്നത് പോലെ ഒന്നുമല്ല എം ടി യുടെ രചനകള്‍ അതില്‍ വിപ്ലവകരമായി ഒന്നും ഇല്ല .ഒരു കാലഘടത്തിന്‍റെ ചില നേര്ത്ത രേഖകള്‍ അതില്‍ കവിഞ്ഞു നോക്കിയാല്‍ മഹാഭാരത കഥയുടെ, ബൈബിളിന്‍റെ ചില വ്യത്യസ്ത വീക്ഷണങ്ങള്‍ .ഞാന്‍ പറയും ബഷീറാണ് ഏറ്റവും വിപ്ലവകരമായ കഥകള്‍ എഴുതിയ വ്യക്തി 'പ്രേമലേഖനം' മാത്രം ഉദാഹരണമായി എടുക്കാം .അതില്‍ കവര്‍ ചെയ്യുന്ന സാമൂഹിക പ്രശ്നങ്ങള്‍ പിന്നീട് വന്ന ഒരു സാഹിത്യകാരന്മാരും തൊടാന്‍ പോലും ധൈര്യപ്പെടാത്തവയാണ്"

"ഞാന്‍ പൂര്‍ണമായി യോജിക്കുന്നു ബഷീര്‍ വിശ്വസാഹിത്യകാരന്‍ തന്നെ .പക്ഷെ എം ടി എം ടി തന്നെയാണ് . രണ്ടും രണ്ടു സര്‍വ്വകലാശാലകള്‍ "

"എന്തോ എനിക്ക് ഈ കണ്ടെത്തലിനോട് യോജിക്കാന്‍ കഴിയുനില്ല എം ടി യുടെ രചനകള്‍ മോശം എന്ന് പറയാന്‍ ഞാന്‍ ആളല്ല. പക്ഷെ എം ടി യെ പൂര്‍ണ്ണമായി അംഗീകരിക്കാന്‍ എനിക്ക് കഴിയുന്നില്ല " അരുണ്‍ മറുപടി നല്കി

പുറത്തു മഴപെയ്യുന്നുണ്ടായിരുന്നു ജനാലയിലൂടെ മഴച്ചാറലുകള് മുഖത്തടിച്ചു. ഏതോ ഓണപ്പതിപ്പ് എം ടി യുടെ 'മഞ്ഞ്' സിനിമയായ അനുഭവം വിശദീകരിച്ചു . ഞാന്‍ ആ ലേഖനം വായിക്കവേ ടി ടി ഈ വന്നു .ഞാന്‍ ടിക്കറ്റ് അദ്ദേഹത്തിന്റെ നേര്‍ക്ക്‌ നീട്ടി"എന്താ ഈ ലേഖനം പറയുന്നതു " സൌമ്യഭാഷിയായ അദ്ദേഹം എന്നോട് ചോദിച്ചു

"എം ടി യുടെ 'മഞ്ഞ്' സിനിമയായ അനുഭവം വിവരിക്കുകയാണ് "

"എം ടി സര്‍ സെക്കന്റ് എ സി യില്‍ യാത്രചെയ്യുകയാണ് " ടി ടി ഈ പറഞ്ഞു

ഇതു കേട്ടതും ഞാന്‍ മതി മറന്നു സന്തോഷിച്ചു. ഞാന്‍ ബഹുമാനിക്കുന്ന മഹാനായ എഴുത്തുകാരന്‍ ഞാന്‍ സഞ്ചരിക്കുന്ന അതെ വണ്ടിയില്‍ സഞ്ചരിക്കുന്നു. ഈ യാത്രയുടെ ഓര്‍മയ്ക്കായി എനിക്ക് അദ്ദേഹത്തിന്റെ ഒരു ഓട്ടോഗ്രാഫ് വാങ്ങിക്കണം. അദ്ദേഹത്തെ ഒരുപാട് സദസ്സുകളില്‍ വെച്ചു കണ്ടിടുണ്ട് എങ്ങിലും......ഈ യാത്ര അവിസ്മരണീയമാണ്...

"നിനക്കു വട്ടാണ് സെക്കന്റ് എ സി ഇവിടെ നിന്നും നാലഞ്ച് ബോഗി അകലെയാണ് പിന്നെ ട്രെയിന്റെ ഉള്ളിലൂടെ പോകാം എന്ന് വിചാരിക്കണ്ട, ആ കതക് പൂട്ടിയിരിക്കുകയാണ് ". അരുണ്‍ പറഞ്ഞു

"ചില വട്ടുകള്‍ ഇങ്ങനെയാടാ അരുണേ. ഇതൊന്നും പറഞ്ഞ നിനക്കു മനസ്സിലാകില്ല "

"ഈ മഴ സമയത്തു ബോഗിയൊക്കെ കണ്ടെത്തി പോകുന്നത് അപകടകരമാണ് "അരുണ്‍ മുന്നറിയിപ്പ് നല്കി

ഈ മുന്നറിയിപ്പൊന്നും വകവെയ്ക്കാതെ ഞാന്‍ സെക്കന്റ് എ സി കണ്ടെത്താന്‍ തന്നെ തീരുമാനിച്ചു . രാത്രികാല വണ്ടികള്‍ ചെറിയ സ്റ്റേഷനില്‍ നിര്‍ത്തിയില്ല .ട്രെയിന്‍ പ്രമുഖമായ ഒരു സ്റ്റേഷനില്‍ നിര്‍ത്തിയതും ഞാന്‍ ഓണപ്പതിപ്പുമായി ഇറങ്ങി .ഓട്ടോഗ്രാഫ് ആ ലേഖനത്തില്‍ തന്നെ വാങ്ങിക്കണം എന്ന് ഞാന്‍ ഉറപ്പിച്ചു. സെക്കന്റ് എ സി തേടി ഞാന്‍ നടന്നു. ഒടുവില്‍ കണ്ടെത്തി. ഞാന്‍ ആ ബോഗിയില്‍ കയറിയതും ട്രെയിന്‍ നീങ്ങി.അതാ ഇരിക്കുന്നു എം ടി അദ്ദേഹം ഭക്ഷണം കഴിക്കുകയാണ് ഓട്ടോഗ്രാഫ് ചോദിയ്ക്കാന്‍ ഇതു നല്ല സമയം അല്ല. ഞാന്‍ പുറത്തു കാത്തു നിന്നു. അപ്പോഴും മഴപെയ്യുന്നുണ്ടായിരുന്നു ചില മിന്നല്‍പ്പിണറുകള്‍ ഫോട്ടോഫ്ലാഷ് പോലെ വന്നു പോയി . തീവണ്ടി ചൂളം മൂളി മുന്നോട്ടു പോയി

അദ്ദേഹം ഭക്ഷണം കഴിച്ച് പൊതിയും പേപ്പറുമായി പുറത്തേയ്ക്ക് വന്നു, കൈകഴുകിഅദ്ദേഹത്തെ ഇത്ര അടുത്ത് കാണുന്നത് ഇതാദ്യമായിട്ടാണ്. എന്തോ ചിന്തകള്‍ അദ്ദേഹത്തിന്റെ മനസ്സിലൂടെ പോവുകയായിരുന്നോ ?അതോ ഏതെങ്കിലും രചനയുടെ ആലോചനയാണോ?തിരിച്ചു അദ്ദേഹം സീറ്റില്‍ ഇരിക്കുന്നത് വരെ കാത്തു നിന്നു

ചെറിയഭയാശങ്കകളോടെ ഞാന്‍ അദ്ദേഹത്തെ സമീപിച്ചു "സര്‍ , ഒരു ഓട്ടോഗ്രാഫ് "അദ്ദേഹം മുഖമൊന്നുയര്‍ത്തി നോക്കി "എന്‍റെ ഏകാന്തത നശിപ്പിക്കാന്‍ വന്ന ആശുഭജന്തു " ഇതായിരിക്കുമോ അദ്ദേഹത്തിന്റെ മനസ്സില്‍?

പതിപ്പ് വാങ്ങി അദ്ദേഹം ചോദിച്ചു "ഇതു ഏതാ പുസ്തകം ?"

"മാധ്യമം ആഴ്ചപതിപ്പ് "

"ആരാ ഈ ലേഖനം എഴുതിയത്?"

"ബാലകൃഷ്ണന്‍ "

അദ്ദേഹം കീശയില്‍ നിന്നും പേനയെടുത്ത് ലേഖനത്തില്‍ ഒപ്പിട്ടു "സര്‍ കോഴിക്കോട്ടെയ്ക്കാണോ ? "

അദ്ദേഹം സ്വതസിദ്ധമായ ഗൌരവത്തില്‍ പറഞ്ഞു "അതെ കോഴിക്കോട്ടെയ്ക്കാ...". പുസ്തകം തിരികെ തരുകയും ചെയ്തു

"താങ്ക് യു‌ സര്‍ " ഞാന്‍ പിന്‍വാങ്ങി

മഷിപ്പേനയായതിനാല് ഒപ്പ് പടര്‍ന്നിരുന്നുമഹനീയ സൃഷ്ടികള്‍ രചിച്ച തൂലികെ .... നിനക്കെന്റെ നമസ്ക്കാരം ...മനസ്സു പുറത്തെ മഴയുടെ താളത്തില്‍ നൃത്തം ചവിട്ടി, തീവണ്ടി ചൂളം മൂളി മുന്നോട്ടു നീങ്ങി



തീവണ്ടി ഏതോ സ്റ്റേഷനില്‍ നിര്‍ത്തി, ഞാന്‍ എന്‍റെ ബോഗിയുടെ നേര്‍ക്ക്‌ നടന്നുതീവണ്ടി പെട്ടെന്ന് മുന്നോട്ടു നീങ്ങി. ഞാന്‍ പുസ്തകവുമെടുത്ത്‌ ഓടി . പ്ലാറ്റ്ഫോമില്‍ കെട്ടികിടന്ന വെള്ളം വസ്ത്രത്തില്‍ തെറിച്ചു ഞാന്‍ മുഴുവന്‍ ശക്തിയുമെടുത്തു ഓടി. എന്‍റെ കൈവരിയില്‍ പിടിച്ചു കയറി. പൊടുന്നനെ ഒരു ഫോട്ടോഫ്ലാഷ് മിന്നല്‍ രൂപത്തില്‍ മുഖത്തടിച്ചു. കൈയ്യിലെ പുസ്തകം വഴുതി പാളങ്ങള്‍ക്കിടയില്‍ പോയി. ഒരു നിമിഷം എന്ത് ചെയ്യണമെന്നറിയാതെ ഞാന്‍ കുഴങ്ങി

അരുണ്‍ ഓടി വന്ന് കയ്യില്‍ പിടിച്ചു ട്രെയിനില്‍ കയറ്റി" ഓട്ടോഗ്രാഫ് കിട്ടിയോ ?"

"കിട്ടി പക്ഷെ പോയി..."

"എവിടെ പോയി ?".......................................................................................

തിരിച്ചു ഞാന്‍ സീറ്റില്‍ വന്നിരുന്നു പുറത്തു അപ്പോഴും മഴ പെയ്യുന്നുണ്ടായിരുന്നു"നീ എന്താ ആലോചിക്കുന്നത് ?" അരുണ്‍ എന്നോട് ചോദിച്ചു

"പാളങ്ങളില്‍ ഇപ്പോഴും മഴ പെയ്യുന്നുണ്ടാകും അല്ലെ "

"ഉണ്ടാവാം "

ഞാന്‍ മനസ്സില്‍ ആ രംഗം ചിത്രീകരിക്കാന്‍ ശ്രമിച്ചു മഴത്തുള്ളികള്‍ വീണ് പടര്‍ന്ന് ഇല്ലാതാകുന്ന ആ ഓട്ടോഗ്രാഫ്.... എം ടി യുടെ കൈയ്യൊപ്പ്

[ റെ ബ്രാട്ബറിയുടെ ചെറുകഥയാണ് ഈ കഥയ്ക്ക്‌ പ്രചോദനം. എം ടി യെ ഒരു തീവണ്ടി യാത്രയ്ക്കിടയില്‍ കണ്ടതും ഓട്ടോഗ്രാഫ് വാങ്ങിയതും ഈ കഥയുടെ ആധാരം ]

Saturday, January 24, 2009

കള്ളനും പോലീസും

ക്രിസ്മസ് അവധി തുടങ്ങി കഴിഞ്ഞു . സോഫ്റ്റ്‌വെയര്‍ കമ്പനിയില്‍ ജോലി ചെയ്യുന്ന എന്നെ പോലെയുള്ള മഹാപാപികള്‍ക്ക് ഒരു ദിവസം മാത്രമാണ് അവധി. വെറുതെ കുട്ടിക്കാലത്തെ ഓര്‍മ്മകളിലേയ്ക്ക് വഴുതി വീണ് സമയം കൊല്ലുമ്പോള്‍ , എവിടെ നിന്നോ ഭയങ്കര ബഹളം കേട്ടു, ജനാലയിലൂടെ നോക്കിയപ്പോള്‍ അയല്‍പ്പക്കത്തെ കുട്ടികള്‍ കളിക്കുകയാണ്.

"ഡിഷ്യും...ഡിഷ്യും ..." ശബ്ദങ്ങള്‍ നിറഞ്ഞു നില്ക്കുന്നു. രണ്ടു വികൃതികള്‍ മതില്‍ ചാടി എന്‍റെ വീടിനുള്ളില്‍ കയറി. ഞാന്‍ താഴെ ഇറങ്ങി രണ്ടിനെയും വിരട്ടി. " എന്താടാ ഈ പ്രായത്തില്‍ തന്നെ മതില്‍ ചാടുന്നോ ?കള്ളാ ബടുവ ".

പതിഞ്ഞ സ്വരത്തില്‍ അവര്‍ പറഞ്ഞു " ചേട്ടാ ...ഞങ്ങള്‍ army-terrorist കളിക്കുവാ ...ഞങ്ങള്‍ terrorist ആ ...അവര്‍ ഞങ്ങളെ പിടിച്ചു കൊല്ലാന്‍ വരുവാ ..."
"അവരുടെ കയ്യില്‍ തോക്ക് , ബോംബ് എല്ലാം ഉണ്ട് ഞങ്ങള്ക്ക് തോക്ക് മാത്രമെ ഉള്ളു ...ഞങ്ങള്‍ ഇവടെ ഉള്ള കാര്യം അവരോട് പറയല്ലേ ...അവര്‍ ഞങ്ങളെ കണ്ടില്ലെങ്ങില്‍ ഞങ്ങള്‍ ജയിച്ചു "അവര്‍ വീടിന്ടെ പിറകില്‍ ഒളിച്ചു ഇടയ്ക്കിടയ്ക്ക് army ടീമിലെ കുട്ടികള്‍ വെടിപൊട്ടിച്ചു .

Terrorist ടീമിലെ കുട്ടികള്‍ വീട്ടില്‍ കയറി എന്നോട് കുറച്ചു സംസാരിച്ചു " ചേട്ടന്മാര്‍ ഈ കളി കളിചിടുണ്ടോ " ഞാന്‍ പറഞ്ഞു " ഇല്ല ഞാന്‍ കളിച്ചത് കള്ളനും പോലീസും ആണ് . പിന്നെ ഒളിച്ചു കളി . ഇതു പോലെയുള്ള കളികള്‍ ഞങ്ങള്‍ കളിച്ചിട്ടില്ല "

ഒരുവന്‍ ചോദിച്ചു "കള്ളനും പോലീസും കളിക്കുമ്പോള്‍ പോലീസിന് തോക്ക് കാണുമല്ലോ "
ഞാന്‍ പറഞ്ഞു "ഇല്ല അന്നത്തെ കള്ളന്മാരെ പിടിക്കാന്‍ പോലീസിന് തോക്ക് വേണ്ടി വന്നില്ല അവര്‍ ഓടിച്ചു തന്നെ പിടിക്കുമായിരുന്നു പക്ഷെ വേറെ കള്ളന്മാര്‍ക്ക് അവരെ തുറന്നു വിടാന്‍ സാധിക്കും "
"അയ്യേ ഇതെന്തു കളി തോക്ക് പോലും ഇല്ലാത്ത കളി . തോക്കില്ലാതെ terrorist നെ പിടിക്കുന്നതെങ്ങനെയാ ? ഈ ചേട്ടന്മാരുടെത് പന്ന കളി "

ഇത്രയും പറഞ്ഞു നിര്‍ത്തിയതും army ടീമിലെ കുട്ടികള്‍ വീടിലേക്ക്‌ ഇരച്ചു കയറി വെടിവെയ്പ്പ് തുടങ്ങി .ആ വെടിവെയ്പ്പില്‍ terrorist ടീമിലെ കുട്ടികള്‍ മരിച്ചു വീണു. പിന്നെ army ടീം സന്തോഷാരവത്തോടെ ഓടി മറഞ്ഞു terrorist ടീമിലെ കുട്ടിക്കള്‍ പിന്നെ അവരുടെ പിറകെ പോയി

ഇതെല്ലം കണ്ടു സ്തബ്ധനായി ഞാന്‍ നിന്നു. .................

ഇതു പുതിയ കാലത്തെ കള്ളനും പോലീസും...............................

Saturday, January 3, 2009

ഒരു മഞ്ഞുകാലം

ഏകാന്തത മനസിനെ കീഴ്പ്പെടുത്തി വളര്ന്നു കൊണ്ടിരുന്ന കാലം . എന്നെ ഞാന്‍ മാത്രം നയിക്കുന്ന അവസ്ഥ



നഗരത്തിന്റെ ഔദാര്യം പോലെ വിഹായസ്സില്‍ സ്വന്തമായി സ്ഥലം തരപെടുത്തി .അവിടം ഏകാന്തതയുടെ തുരുത്ത് പോല്‍ രൂപാന്തരപെട്ടു. ഞാനും കുറെ എഴുത്തുകാരുടെ ലോകവും . ആ ലോകങ്ങള്‍ എന്നെ അതിശയിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്തുകൊണ്ടിരുന്ന കാലം.



ഈ തുരുത്തില്‍ നിന്നു യാത്രപോകുന്നതുപോലെ ജീവിതം യാന്ത്രികമായി ഒഴുകിനീങ്ങി, ഓഫീസ് പിന്നെ വീട് . ഇവിടെ എനിക്ക് തുണയായി സെല്‍ ഫോണ്‍ മാത്രം. അല്ലെങ്ങിലും എനിക്ക് എന്തിനാ ഈ സെല്‍ ഫോണ്‍ . എന്നെ എന്നും വിളിക്കനുള്ളത് അമ്മ മാത്രമാണ് .പിന്നെ ഓഫീസിലെ ചില നമ്പരുകള്‍ . എനിക്ക് വേറൊരു സുഹൃത്തും ഉണ്ടായിരുന്നു ആര്ക്കും വേണ്ടാത്ത പുസ്തകം . എന്തിനാണ് ഞാന്‍ ഈ പുസ്തകമൊക്കെ വായിക്കുന്നത് ?ഉത്തരമില്ല . ചിലപ്പോ ഭ്രാന്ത്‌ ചിലപ്പോ ലഹരി



മഞ്ഞു പെയ്യുന്ന ആ നഗരത്തില്‍ പുറംലോകവും സ്വപ്നലോകവും വേര്‍തിരിച്ചറിയാന്‍ കഴിയാത്ത എന്റെ ഏകാന്ത തുരുത്തില്‍ ഒരു കിളിനാദം മുഴങ്ങി .....സെല്‍ ഫോണ്‍ രൂപത്തില്‍ ....ഏതോ സ്ത്രീ ശബ്ദം ....അവള്‍ക്ക് എന്നെ അറിയാം, എന്നെപ്പറ്റി എല്ലാം അറിയാം, പക്ഷെ പേരു പറയാന്‍ അവള് ‍കൂട്ടാക്കിയില്ല പേരു ചോദിച്ചപ്പോള്‍ ഷേക്ക്‌സ്പീര്‍ വചനം ഉയര്ന്നു "പേരിലെന്തിരിക്കുന്നു റോസ് എന്ന് വിളിക്കൂ ". സംസാരം നിന്നതും ഞാന്‍ ഓര്‍ത്തെടുക്കാന്‍ ശ്രമിച്ചു ആരായിരിക്കും ഈ 'റോസ്' ...ഏതെങ്കിലും ബാല്യകാലസഖിമാര്‍ ?ഏതെങ്കിലും കോളേജ് സുന്ദരികള്‍ ?...അതോ ആരെങ്ങിലും കളിപ്പിക്കാന്‍ വേണ്ടി ചെയുന്ന കാള്‍ ആണോ ?

എന്തായാലും ഈ ഏകാന്തതയില്‍ നിന്നു രക്ഷപ്പെടാന്‍ ഒരു കച്ചിതുരുമ്പ് കിട്ടിയിരിക്കുന്നു ...നന്ദി റോസ് ...പിന്നീട് സെല്‍ ഫോണ്‍ സംഭാഷണം ഒരു നിത്യസംഭവമായി മാറി...

ഒര്‍ഹാന്‍ പാമുക്കിന്റെ വരികള്‍ പോലെ "സ്വപ്നങ്ങളില്‍ ഒരിക്കല്‍ മാത്രമെ മഞ്ഞു പെയ്യൂ" ക്രമേണ മനസ്സിലും മഞ്ഞു പെയ്തു തുടങ്ങി ...



വീട് എവിടെ എന്ന ചോദ്യത്തിനും അവള്‍ മറുപടി പറഞ്ഞില്ല. പകരം മറ്റൊരു സൂചന തന്നു "കേരളത്തിലെ പ്രമുഖ സാഹിത്യകാരന്മാരുടെ നല്ല രചനകള്‍ ഈ ചെറുനഗരത്തില്‍ നിന്നാണ് തുടങ്ങിയത്"



ആ സെല്‍ ഫോണ്‍ സംഭാഷണം പിന്നെയും കുറേക്കാലം നീണ്ടു ഒരിക്കല്‍ ഞാന്‍ അവളോട്‌ ചോദിച്ചു "എന്ത് ചെയുന്നു ?"

"ഇപ്പോള്‍ നിങ്ങളുമായി സംസാരിക്കുന്നു "

"അതല്ല ചോദിച്ചത് എന്ത് ജോലി ചെയുന്നു , അതോ പഠിക്കുകയാണോ ?"

"ഇല്ല ജോലിയൊന്നും ചെയുന്നില്ല പിന്നെ ജീവിതം പഠിക്കുകയാണ് "

വിശ്വസാഹിത്യകാരന്‍ ബഷീറിനെ മനസ്സില്‍ ധ്യാനിച്ച് തുറന്നടിച്ചു

"എന്നെ ഫോണിലൂടെ ഒന്നു പ്രേമിക്കാമോ ?"

"ഇതു നല്ല ജോലിയാ, അതാണല്ലോ ഞാന്‍ ഇപ്പൊ ചെയ്തുകൊണ്ടിരിക്കുനതും "

മനസ്സില്‍ മഞ്ഞുവീഴ്ച ശക്തമായി , അവളെ കാണണമെന്നുള്ള ആഗ്രഹവും .....ഈ മോഹം അവളെ അറിയിച്ചു അവള്‍ ചോദിച്ചു "ഈശ്വരനില്‍ വിശ്വാസം ഉണ്ടോ ?"
"അറിയില്ല ഈശ്വര വിശ്വാസവും ഇല്ല ,അവിശ്വാസവും ഇല്ല "

"എങ്കില്‍ കാത്തിരിക്കൂ , ഇന്നേയ്ക്ക് മൂന്നാം നാള്‍ ഞാന്‍ നിങ്ങളുടെ നഗരത്തില്‍ വരുന്നു, റയില്‍ മാര്‍ഗ്ഗം"



മൂന്നാം നാള്‍ ആ നഗരത്തിലെ റയില്‍വേ സ്റ്റേഷന്‍.....ഞാന്‍ കാത്തിരുന്നു... ഏതായിരിക്കും ആ ചെറു നഗരം ?അവളുടെ സെല്‍ ഫോണില്‍ വിളിച്ചു നോക്കി ...മറുപടിയില്ല ...കേരളത്തില് ‍നിന്നു വരുന്ന എല്ലാ തീവണ്ടികളും ഞാന്‍ ശ്രദ്ധിച്ചു വീണ്ടും സെല്‍ ഫോണില്‍ വിളിച്ചു നോക്കി ...പക്ഷെ മറുപടിയില്ല ...



വിഹായസ്സിലെ തുരുത്തില്‍ ഞാന്‍ മടങ്ങി വന്നു .വീണ്ടും സെല്‍ ഫോണില്‍ അവളെ വിളിച്ചു നോക്കി നമ്പര്‍ പരിശോധിക്കാന്‍ നിര്‍ദ്ദേശം വന്നു . അത്താഴം കഴിഞ്ഞു ഞാന്‍ ബാല്‍ക്കണിയില്‍ വന്നിരുന്നു . മഞ്ഞുകാലം തീര്‍ന്ന് വസന്തം വന്നിരിക്കുന്നു ...പൂമൊട്ടുകള്‍ വിരിഞ്ഞു നില്ക്കുന്നു .ഫ്രോസ്റ്റിന്റെ വരികള്‍ ഓര്‍മയില്‍ വന്നു " ഇനിയും ഒരുപാടു ദൂരം സഞ്ചരിക്കാനുണ്ട്..."


മനസ്സില്‍ ഒരു മഞ്ഞുകാലം സമ്മാനിച്ച റോസിന് നന്ദി ...ഇനി ഒരു ആയുസ്സിന് ഓര്‍ക്കാന്‍ പാകത്തില്‍ ഒരു വസന്തം വന്നിരിക്കുന്നു ...റോസിനെ വിവരിക്കാന്‍ പറഞ്ഞാല്‍ ...." rose is a rose is a rose...." എന്ന് പറയാനെ എനിക്ക് കഴിയൂ ........