Saturday, January 3, 2009

ഒരു മഞ്ഞുകാലം

ഏകാന്തത മനസിനെ കീഴ്പ്പെടുത്തി വളര്ന്നു കൊണ്ടിരുന്ന കാലം . എന്നെ ഞാന്‍ മാത്രം നയിക്കുന്ന അവസ്ഥ



നഗരത്തിന്റെ ഔദാര്യം പോലെ വിഹായസ്സില്‍ സ്വന്തമായി സ്ഥലം തരപെടുത്തി .അവിടം ഏകാന്തതയുടെ തുരുത്ത് പോല്‍ രൂപാന്തരപെട്ടു. ഞാനും കുറെ എഴുത്തുകാരുടെ ലോകവും . ആ ലോകങ്ങള്‍ എന്നെ അതിശയിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്തുകൊണ്ടിരുന്ന കാലം.



ഈ തുരുത്തില്‍ നിന്നു യാത്രപോകുന്നതുപോലെ ജീവിതം യാന്ത്രികമായി ഒഴുകിനീങ്ങി, ഓഫീസ് പിന്നെ വീട് . ഇവിടെ എനിക്ക് തുണയായി സെല്‍ ഫോണ്‍ മാത്രം. അല്ലെങ്ങിലും എനിക്ക് എന്തിനാ ഈ സെല്‍ ഫോണ്‍ . എന്നെ എന്നും വിളിക്കനുള്ളത് അമ്മ മാത്രമാണ് .പിന്നെ ഓഫീസിലെ ചില നമ്പരുകള്‍ . എനിക്ക് വേറൊരു സുഹൃത്തും ഉണ്ടായിരുന്നു ആര്ക്കും വേണ്ടാത്ത പുസ്തകം . എന്തിനാണ് ഞാന്‍ ഈ പുസ്തകമൊക്കെ വായിക്കുന്നത് ?ഉത്തരമില്ല . ചിലപ്പോ ഭ്രാന്ത്‌ ചിലപ്പോ ലഹരി



മഞ്ഞു പെയ്യുന്ന ആ നഗരത്തില്‍ പുറംലോകവും സ്വപ്നലോകവും വേര്‍തിരിച്ചറിയാന്‍ കഴിയാത്ത എന്റെ ഏകാന്ത തുരുത്തില്‍ ഒരു കിളിനാദം മുഴങ്ങി .....സെല്‍ ഫോണ്‍ രൂപത്തില്‍ ....ഏതോ സ്ത്രീ ശബ്ദം ....അവള്‍ക്ക് എന്നെ അറിയാം, എന്നെപ്പറ്റി എല്ലാം അറിയാം, പക്ഷെ പേരു പറയാന്‍ അവള് ‍കൂട്ടാക്കിയില്ല പേരു ചോദിച്ചപ്പോള്‍ ഷേക്ക്‌സ്പീര്‍ വചനം ഉയര്ന്നു "പേരിലെന്തിരിക്കുന്നു റോസ് എന്ന് വിളിക്കൂ ". സംസാരം നിന്നതും ഞാന്‍ ഓര്‍ത്തെടുക്കാന്‍ ശ്രമിച്ചു ആരായിരിക്കും ഈ 'റോസ്' ...ഏതെങ്കിലും ബാല്യകാലസഖിമാര്‍ ?ഏതെങ്കിലും കോളേജ് സുന്ദരികള്‍ ?...അതോ ആരെങ്ങിലും കളിപ്പിക്കാന്‍ വേണ്ടി ചെയുന്ന കാള്‍ ആണോ ?

എന്തായാലും ഈ ഏകാന്തതയില്‍ നിന്നു രക്ഷപ്പെടാന്‍ ഒരു കച്ചിതുരുമ്പ് കിട്ടിയിരിക്കുന്നു ...നന്ദി റോസ് ...പിന്നീട് സെല്‍ ഫോണ്‍ സംഭാഷണം ഒരു നിത്യസംഭവമായി മാറി...

ഒര്‍ഹാന്‍ പാമുക്കിന്റെ വരികള്‍ പോലെ "സ്വപ്നങ്ങളില്‍ ഒരിക്കല്‍ മാത്രമെ മഞ്ഞു പെയ്യൂ" ക്രമേണ മനസ്സിലും മഞ്ഞു പെയ്തു തുടങ്ങി ...



വീട് എവിടെ എന്ന ചോദ്യത്തിനും അവള്‍ മറുപടി പറഞ്ഞില്ല. പകരം മറ്റൊരു സൂചന തന്നു "കേരളത്തിലെ പ്രമുഖ സാഹിത്യകാരന്മാരുടെ നല്ല രചനകള്‍ ഈ ചെറുനഗരത്തില്‍ നിന്നാണ് തുടങ്ങിയത്"



ആ സെല്‍ ഫോണ്‍ സംഭാഷണം പിന്നെയും കുറേക്കാലം നീണ്ടു ഒരിക്കല്‍ ഞാന്‍ അവളോട്‌ ചോദിച്ചു "എന്ത് ചെയുന്നു ?"

"ഇപ്പോള്‍ നിങ്ങളുമായി സംസാരിക്കുന്നു "

"അതല്ല ചോദിച്ചത് എന്ത് ജോലി ചെയുന്നു , അതോ പഠിക്കുകയാണോ ?"

"ഇല്ല ജോലിയൊന്നും ചെയുന്നില്ല പിന്നെ ജീവിതം പഠിക്കുകയാണ് "

വിശ്വസാഹിത്യകാരന്‍ ബഷീറിനെ മനസ്സില്‍ ധ്യാനിച്ച് തുറന്നടിച്ചു

"എന്നെ ഫോണിലൂടെ ഒന്നു പ്രേമിക്കാമോ ?"

"ഇതു നല്ല ജോലിയാ, അതാണല്ലോ ഞാന്‍ ഇപ്പൊ ചെയ്തുകൊണ്ടിരിക്കുനതും "

മനസ്സില്‍ മഞ്ഞുവീഴ്ച ശക്തമായി , അവളെ കാണണമെന്നുള്ള ആഗ്രഹവും .....ഈ മോഹം അവളെ അറിയിച്ചു അവള്‍ ചോദിച്ചു "ഈശ്വരനില്‍ വിശ്വാസം ഉണ്ടോ ?"
"അറിയില്ല ഈശ്വര വിശ്വാസവും ഇല്ല ,അവിശ്വാസവും ഇല്ല "

"എങ്കില്‍ കാത്തിരിക്കൂ , ഇന്നേയ്ക്ക് മൂന്നാം നാള്‍ ഞാന്‍ നിങ്ങളുടെ നഗരത്തില്‍ വരുന്നു, റയില്‍ മാര്‍ഗ്ഗം"



മൂന്നാം നാള്‍ ആ നഗരത്തിലെ റയില്‍വേ സ്റ്റേഷന്‍.....ഞാന്‍ കാത്തിരുന്നു... ഏതായിരിക്കും ആ ചെറു നഗരം ?അവളുടെ സെല്‍ ഫോണില്‍ വിളിച്ചു നോക്കി ...മറുപടിയില്ല ...കേരളത്തില് ‍നിന്നു വരുന്ന എല്ലാ തീവണ്ടികളും ഞാന്‍ ശ്രദ്ധിച്ചു വീണ്ടും സെല്‍ ഫോണില്‍ വിളിച്ചു നോക്കി ...പക്ഷെ മറുപടിയില്ല ...



വിഹായസ്സിലെ തുരുത്തില്‍ ഞാന്‍ മടങ്ങി വന്നു .വീണ്ടും സെല്‍ ഫോണില്‍ അവളെ വിളിച്ചു നോക്കി നമ്പര്‍ പരിശോധിക്കാന്‍ നിര്‍ദ്ദേശം വന്നു . അത്താഴം കഴിഞ്ഞു ഞാന്‍ ബാല്‍ക്കണിയില്‍ വന്നിരുന്നു . മഞ്ഞുകാലം തീര്‍ന്ന് വസന്തം വന്നിരിക്കുന്നു ...പൂമൊട്ടുകള്‍ വിരിഞ്ഞു നില്ക്കുന്നു .ഫ്രോസ്റ്റിന്റെ വരികള്‍ ഓര്‍മയില്‍ വന്നു " ഇനിയും ഒരുപാടു ദൂരം സഞ്ചരിക്കാനുണ്ട്..."


മനസ്സില്‍ ഒരു മഞ്ഞുകാലം സമ്മാനിച്ച റോസിന് നന്ദി ...ഇനി ഒരു ആയുസ്സിന് ഓര്‍ക്കാന്‍ പാകത്തില്‍ ഒരു വസന്തം വന്നിരിക്കുന്നു ...റോസിനെ വിവരിക്കാന്‍ പറഞ്ഞാല്‍ ...." rose is a rose is a rose...." എന്ന് പറയാനെ എനിക്ക് കഴിയൂ ........

1 comment:

Sreejith Sasidharan said...

Ninte prashnam pennu kettaatthathinte kuzhappam thanneyanu. Njaan ini ninte ammaye kaanumbol parayaam. Illenkil naattukaarellaavarum koodi pidichchu changalakkidum.