Sunday, September 14, 2008

പുനരഭിജനനം

ഇന്നെന്‍റെ അഗസ്റ്റ് 15...ഈ ദിവസത്തിനായുള്ള കാത്തിരിപ്പ് തുടങ്ങിയിട്ട് ഒരുപാട് നാളായിരിക്കുന്നു , നഗരത്തിന്‍റെ ബഹളത്തില്‍ നിന്നും അവള്‍ നീങ്ങി, സ്വാതന്ത്രയായി .ജനിച്ച് കണ്ണുതുറന്നു നോക്കുന്ന കുഞ്ഞിനെപ്പോലെ അവള്‍ എല്ലാം നോക്കിക്കണ്ടു, എല്ലാം പുതുമയുള്ള കാഴ്ചകള്‍ . ഭൂമിയുടെ ഭംഗി അവളെ വല്ലാതെ ആകര്‍ഷിച്ചു . അവള്‍ സര്‍വ്വശക്തിയുമെടുത്ത്‌ നീങ്ങി , ദീര്‍ഘനാളത്തെ നിദ്രയുടെ ശേഷിപ്പില്‍ നിന്നും ഊര്‍ജം ഉള്‍ക്കൊണ്ട് , അവള്‍ സര്‍വ്വശക്തിയുമെടുത്ത് നീങ്ങി . സൂര്യന്റെ നേര്‍ത്തക്കിരണങ്ങള്‍ അവളുടെ മുഖത്തടിച്ചു , കണ്ണ് മഞ്ഞളിച്ചതാല്‍ അവള്‍ മുഖം തിരിച്ചു . ഇല്ല ഇനിയെനിക്ക് ചട്ടക്കൂടുകളില്ല , ഞാന്‍ സ്വതന്ത്രയായി ..... ഈ ഒരു ദിവസം എന്‍റെ സ്വപ്നമായിരുന്നു ...ഒടുവില്‍ ആ ദിവസം വന്നിരിക്കുന്നു ......

അതാ അവള്‍ക്ക് ചിറകുമുളയ്ക്കുന്നു ...പറക്കാന്‍ കൊതിച്ച നാള്‍ വന്നിരിക്കുന്നു ....അവള്‍ തന്‍റെ ചിറകുകള്‍ മെല്ലെ ചലിപ്പിച്ചു ശക്തിയോടെ ചിറകുകള്‍ നീക്കി പറന്നു ....ഇനിയും ഒരു ജന്മം , പൂവുകള്‍ത്തേടി ....അവള്‍ സൂര്യനെ നോക്കി പറന്നു പറന്നു എങ്ങോ മാഞ്ഞുപ്പോയി ....

നഗരയാന്ത്രികതയ്ക്കിടയിലെ മനോഹരമായ ഉദ്യാനത്തില്‍ ജോണ്‍ ജോസഫ് , തന്‍റെ ലാപ്ടോപ്പുമായി -വെര്‍ച്ച്വല്‍ ലോകത്തില്‍ സമയം ചിലവാക്കുകയായിരുന്നു ; ജനിച്ച് വളര്‍ന്ന നഗരത്തിന്‍റെ വികസനമില്ലായ്മയെ പഴിച്ചു അവന്‍ നാളുകള്‍ തള്ളിനീക്കി . വികസനത്തിന്‍റെ ഉച്ചത്തിലുള്ള രാജ്യങ്ങള്‍ അവന്‍ ഓടി സഞ്ചരിക്കുമായിരുന്നു . ഈ ഓട്ടത്തിനിടയില്‍ എന്തൊക്കെയോ നേടി , എന്തൊക്കെയോ നഷ്ടപ്പെട്ടു.


പക്ഷെ ഇതൊന്നും അമ്മയ്ക്ക് മനസ്സിലാവില്ലാ ........ അതോ എനിക്ക് അമ്മയെ മനസ്സിലാവാത്തതാണോ ? അറിയില്ല ഇപ്പോഴും ...അമ്മയുടെ അസുഖം കാരണം മാത്രമാണ് ഞാന്‍ ഈ നശിച്ച നഗരത്തില്‍ വന്നത് ...അമ്മയെ ഒരുപാട് വിളിച്ചു ... കൂടെവരാന്‍ ...അമ്മ വന്നില്ലാ . ജോണ്‍ ജോസഫ് ലാപ്ടോപ്പ് നിര്‍ത്തി ചുറ്റും നോക്കി . എവിടെ നിന്നോ ഒരു കാറ്റ് അവനെ തഴുകി . ജോണ്‍ അര്‍ദ്ധ മയക്കത്തിന്റെ വക്കിലെത്തി , ഏതോ സ്ത്രീ ഹസ്തം അവനെ തൊടുന്നതായി അവന് തോന്നി , പെട്ടെന്നവന്‍ എഴുന്നേറ്റു , ആരുമില്ല , ഒരു ചിത്രശലഭം അവന്‍റെ തോളില്‍ വന്നിരുന്നു .. ജോണ്‍ അതിന്‍റെ സൌന്ദര്യം ആസ്വദിക്കവേ ...മൊബൈല്‍ വിറച്ചു ..
"അമ്മയ്ക്ക് അസുഖം കുറച്ചു കൂടുതലാ .....വേഗം ഹോസ്പ്പിറ്റല്‍ വരെ വരണം ". ഭാര്യയുടെ വാക്കുകളില്‍ ദു:ഖമുണ്ടായിരുന്നോ ? ശ്രദ്ധിച്ചില്ല ...
"ചിത്രശലഭമേ , എനിക്ക് പോകണം ..പിന്നെ എപ്പോഴെങ്കിലും കാണാം ". ചിത്രശലഭം അനുസരിച്ചു , അവള്‍ പറന്നകന്നു .

ജോണ്‍ കാറുമായി ആശുപത്രിയിലേക്ക് നീങ്ങി. ആശുപത്രിയില്‍ എത്തിയതും ഡോക്ടര്‍ പുറത്തിറങ്ങി വരുന്നതു കണ്ടു ,അദ്ദേഹം തോളില്‍ തട്ടി . ഭാര്യ കണ്ണീരുമായി വരുന്നതു കണ്ടു . "ജോണ്‍ അമ്മാ ......"അവള്‍ മുഴുമിച്ചില്ല
ജോണ്‍ മുറിയില്‍ പോയിക്കണ്ടു..അമ്മയുടെ തണുത്ത്‌ മരവിച്ച ശരീരം . കണ്ണിലൂടെ ജലം പൊഴിഞ്ഞു .
ജോണ് ‍കണ്ണീര്‍ തുടച്ച് പുറത്തിറങ്ങി. ആശുപത്രി ജനാലയിലൂടെ ജോണ്‍ വിദൂരതയിലേക്ക് നോക്കി നിന്നു.

അതാ ആ ചിത്രശലഭം .....അതിവിടെയും വന്നിരിക്കുന്നു ...ചിത്രശലഭം ജോണിനെ നോക്കി ചിറകടിച്ചു ...അതെ അതെന്‍റെ അമ്മയാ ....ജോണ്‍ തിരിച്ചറിഞ്ഞു
ഇപ്പോഴും ഞാന്‍ നിന്നെ മനസ്സിലാക്കിയില്ലല്ലോ .......ജോണ്‍ ആ ചിത്രശലഭത്തെ തഴുകാന്‍ നോക്കി . പക്ഷെ ചിത്രശലഭം എങ്ങോ പറന്നകന്നു ....

No comments: