Tuesday, November 15, 2011

ഒരു ജാതിപ്രശ്നം

വടക്കേ മലബാറില്‍ വിപ്ലവമുറങ്ങുന്ന മണ്ണില്‍ മനോഹരമായ സുപ്രഭാതം ....സര്‍ക്കസും ക്രിക്കറ്റും ഗുണ്ടര്‍ട്ടും അവരവരുടെ സംഭാവനകള്‍ നല്‍കിയ തലശ്ശേരി പട്ടണം....."നീയെന്നെ ഗായകനാക്കി ഗുരുവായുരപ്പാ....."ഗാനഗന്ധര്‍വന്റെ ശബ്ദം നിറഞ്ഞു നിന്ന തലശ്ശേരിയിലെ പ്രശസ്തമായ ഒരു രാമക്ഷേത്രത്തില്‍ ഞാന്‍ ഒരു ദര്‍ശനം നടത്തി...ജീവിതം നീട്ടി തന്ന കാലത്തിനു നന്ദി പറയാന്‍....ദര്‍ശനം കഴിഞ്ഞു ഞാന്‍ ക്ഷേത്രത്തിലെ വിശാലമായ കോപോണ്ടില്‍ നടന്നു...അവിടെ ഒരു സന്ദേശം കുറിച്ചിട്ടിരുന്നു ..."അഹിന്ദുക്കള്‍ക്ക്‌ പ്രവേശനം ഇല്ല " ഞാന്‍ വിചാരിച്ചു "ഓ...അഹിന്ദുക്കള്‍ക്ക്‌ പ്രവേശനം ഇല്ല ...പക്ഷെ അഹിന്ദു എന്ന് മുദ്രകുത്തിയ ഗാനഗന്ധര്‍വന്റെ പാടു ഇവിടെയിടും .....കഷ്ടം "..ഇതില്‍ എന്ത് പുതുമ??...പക്ഷെ ആ ലിഖിതത്തിന്റെ താഴെ മറ്റൊരു അറിയിപ്പ് കൊടുത്തിരുന്നു ...അത് കണ്ടു ഞാന്‍ അത്ഭുതപെട്ടു..."എരുമകളെ ക്ഷേത്ര കൌപോണ്ടില്‍ കയറ്റരുത് "...ഞാന്‍ കൌപോണ്ടിനു ചുറ്റും നോക്കി ...ശരിയാണ് എരുമകള്‍ ഇല്ല പകരം പശുക്കള്‍ അവിടുത്തെ പുല്ലു തിന്നുന്നു ..."എന്റമ്മേ ....ഇരുകാലിയായ മനുഷ്യനെ ജാതിയും മതവും പറഞ്ഞു തിരിച്ചു...കഷ്ടം...ചാതുര്‍വര്‍ണ്യം എന്നൊക്കെ ആരോ പറഞ്ഞു കേട്ടിടുണ്ട് എനിക്കൊന്നും മനസിലായിട്ടില്ല ...പക്ഷെ ഈ നാല്കാലികളെയും ജാതിയും മതവും തിരിക്കുകയാണോ...മനസിലാകാത്ത ചാതുര്‍വര്‍ണ്യം നാല്‍ക്കാലികള്‍ക്കും ബാധകമാണോ??"
അല്ല ഞാന്‍ അറിയാന്‍ മേലഞ്ഞിട്ടു ചോദിക്കുവ ഈ എരുമ ഇതു ജാതിയാ?അവര്‍നാണോ...അപ്പൊ പശു സവര്‍ണനാണോ ??പണ്ഡിതരെ ഈ പാമരന് മനസിലാകുന്നില്ല ...ഈ വടക്കേ മലബാറില്‍ ഇപ്പോള്‍ വിപ്ലവം വെറുതെ ഉറങ്ങുകയാണോ എന്നും ഞാന്‍ ചിന്തിച്ചു..വിപ്ലവാച്ചര്യന്മാരെ ഈ പിന്തിരിപ്പന് ഒരു വിശദീകരിക്കാന്‍ ക്ഷമ കാട്ടുമോ ??ഇതില്‍ ഒരു അച്ചടക്ക പ്രശ്നമുണ്ടെങ്കില്‍ ഞാന്‍ ഈ ചോദ്യം പിന്‍‌വലിക്കുന്നു ..

Sunday, October 30, 2011

നഗരം, വിപ്ലവകാരി ,ഗാന്ധി പിന്നെ മദ്യവും

മഹാനഗരത്തെ ഗര്‍ഭം ധരിച്ചിരിക്കുന്ന അറബിക്കടലിന്റെ റാണി ഈറനണിഞ്ഞ ഒരു ദിനം...മദ്യവര്‍ജ്ജനതിന്റെ ആഹ്വാനവുമായി ഒരു പ്രമുഖ പാര്‍ട്ടിയുടെ യുവജന വിഭാഗം മുന്നോട്ടു വന്ന നാളുകളില്‍.....
നിയമസിരാകേന്ദ്രത്തിന്‍ അടുത്തുള്ള ഒരു മദ്യവില്പന ശാലയില്‍ ...ഏതോ ഒരു മദ്യപാനി തന്റെ കൈയിലെ രൂപ നോട്ടില്‍ നോക്കി ഉരുവിട്ടൂ ....."എന്റെ മഹാത്മാവേ ...ചോര കലര്‍ന്ന എന്റെ യുദ്ധം പരാജയപ്പെട്ടു ...ചോര പുരളാത്ത താങ്കളുടെ യുദ്ധവും പരാജയപ്പെട്ടു ...നമ്മള്‍ തുല്യ ദു:ഖിതരാ ..."
"പക്ഷെ ഒരു വ്യത്യാസം താങ്ങളെ കൊല്ലാന്‍ ഒരു ഗോട്സെ ഉണ്ടായിരുന്നു ...എന്നെ കൊല്ലാന്‍ ആരുമില്ല ...ആത്മഹത്യ ചെയ്യാന്‍ എനിക്ക് മനസ്സില്ല ...."
ഗതാഗതക്കുരുക്കില്‍ പെട്ട ബസ്സില്‍ നിന്ന് ഞാന്‍ ഈ കാഴ്ച കണ്ടു പറഞ്ഞു "വെള്ളമടിക്കാന്‍ ആളുകള്‍ കണ്ടുപിടിക്കുന്ന ഓരോ കാരണങ്ങളെ ...പഴി മഹാത്മാവിനു...കഷ്ടം "
ബസ്സിറങ്ങി പ്രസിദ്ധമായ ഒരു തുറസ്സായ ഭക്ഷണശാലയില്‍ ഞാന്‍ ആഹാരം ഓര്‍ഡര്‍ ചെയ്തു ...ചുറ്റും നോക്കി ...എല്ലാരും മദ്യം കഴിക്കുന്നു ...അതില്‍ കുറച്ചു സ്ത്രീകളുമുണ്ട് ...ഒരു സ്ത്രീ ഒരു ബോട്ടില്‍ ഫുള്‍ അകത്താക്കുന്നത് കണ്ടു ഞാന്‍ ഞെട്ടി ...എന്തൊരു കപാസിറ്റി....ഇത് എന്റെ അമ്മയെങ്ങാനും കണ്ടാല്‍ മതി അപ്പൊ ബോധം കേട്ട് വീഴും ....
ഈ മദ്യം അത് കണ്ടുപിടിച്ചവനെ സമ്മതിക്കണം ഇതില്ലയിരുന്നെങ്ങില്‍ ഒരു ഭരണ വ്യവസ്ഥ തന്നെ കൊഴപ്പതിലായേനെ .......
ഇവിടെ എല്ലാര്ക്കും നല്ല ബുദ്ധി കൊടുക്കണേ എന്റെ മുത്തപ്പാ ....ഹമ്മേ !!!മുത്തപ്പനും പയംകുറ്റിടെ ആളാ...ദൈവങ്ങളെ വിളിച്ചിട്ടും രക്ഷയില്ല ....സര്‍വ്വം മദ്യമയം !!!.....

Tuesday, August 25, 2009

അവള്‍ അവള്‍ മാത്രം

"കടലിനഭിമുഖമായി അവള്‍ നിന്നു. ചക്രവാളം ചുവന്നിരിക്കുന്നു ...ശക്തമായ കാറില്‍ അവളുടെ മുടിയും വസ്ത്രവും പറന്നുകൊണ്ടിരുന്നു. അവള്‍ അവള്‍ മാത്രം ....അവള്‍ എന്തിനോവേണ്ടി കാത്തിരിക്കുന്നു ..എന്താണത് ?"

ഇത്രയും എഴുതി പേനയടച്ചു. രാത്രി നന്നേ ഇരുട്ടിയിരിക്കുന്നു. അവധിയ്ക്ക് വന്നിട്ട് എഴുതാന്‍ തുടങ്ങി. അവധി നാളില്‍ സുഹൃത്തിന്റെ ഫാം ഹൌസില്‍ താമസിക്കാന്‍ വന്നതാണ്. ഒന്നും ചെയ്യാതെ വെറുതെ ഭക്ഷണവും കഴിച്ച് ആ ഫാം ഹൌസില്‍ സമയം ചിലവഴിച്ചു . ഇന്ന് അത്താഴം കഴിഞ്ഞ് എഴുതാനിരുന്നു. ആദ്യ വരികള്‍ പിറന്നു. മേശയ്ക്കരികിലുള്ള ജനാലയിലൂടെ പുറത്തേയ്ക്ക് നോക്കി ....പൌര്‍ണമി ദിവസം.

അകലെയെവിടെനിന്നോ ശക്തമായ കാറ്റ് വീശി. ആ കാറ്റില്‍ ജനാലകള്‍ ചിലച്ചു. ജനാലകള്‍ അടയ്ക്കാന്‍ ഞാന്‍ പരിശ്രമിക്കവേ ...ആരോ വാതിലില്‍ മുട്ടുന്ന ശബ്ദം കേട്ടു. ആരാണ് ഈ അര്‍ദ്ധരാത്രിയില്‍ വാതിലില്‍ മുട്ടുന്നത് ? രാന്തലുമേന്തി ഞാന്‍ വാതില്‍ക്കല്‍ പോയി വാതില്‍ തുറന്നു.

റാന്തല്‍ വെളിച്ചം ഞാന്‍ ഒന്നുയര്‍ത്തി . ഏതോ ഒരു സ്ത്രീ ..കാറ്റില്‍ അവളുടെ മുടിയും വസ്ത്രവും പറന്നുകൊണ്ടിരുന്നു ."ഞാന്‍ 'അവള്‍' "അവള്‍ പറഞ്ഞു .
ഒരു നടുക്കത്തോടെ ഞാന്‍ ചോദിച്ചു "നീയാണോ പലരും പറയുന്ന യക്ഷി ?"
"അല്ല ഞാന്‍ യക്ഷിയല്ല . ഞാന്‍ താങ്കളിപ്പോള്‍ എഴുതിയ 'അവള്‍' "
ഒരു ഭയത്തോടെ ഞാന്‍ വീണ്ടും ചോദിച്ചു ."ഇവിടെ ഇപ്പോള്‍ എന്തിനു വന്നു ?"
"എന്റെ സ്രഷ്ടാവിനെ കാണാന്‍ "
"സൃഷ്‌ടിച്ച ശേഷം കണ്ടാല്‍ മതിയാവില്ലേ "
"എന്നെ അറിയാതെ താങ്കള്‍ എന്നെ എങ്ങനെ സൃഷ്ടിക്കും ?" ഞാന്‍ അവളെ അകത്തേയ്ക്കു വിളിച്ചു. ഒരു അഭിമുഖം പോലെ ഞങ്ങളുടെ സംഭാഷണം തുടങ്ങി

"ശരി നീ ആരാണ് ? എന്താണ് നീ? "
"ഞാന്‍ ഒരു സാധാരണ സ്ത്രീ മാത്രം. ഉപജീവനത്തിനായി തൊഴില്‍ ചെയ്യുന്ന ഒരുപാട് സ്ത്രീകളെ പോലെ ഞാനും ഒരുവള്‍ ".
"നിന്റെ ഭര്‍ത്താവ് ,കുടുംബം എന്നിവ ?"
" അതും ഒരു പഴയ കഥ തന്നെ . കുടുംബത്തിനു വേണ്ടി പണിയെടുത്തു .ഭര്‍ത്താവാല്‍ 'സുരക്ഷിത' ആയി. സ്വാതന്ത്രയ്തിനായി ശ്രമിച്ചു പക്ഷെ പരാജയപ്പെട്ടു "
" നീ ഈ പറയുന്ന 'പരാജയം' എന്താണ് ?"
"എല്ലവിടതുനിന്നും കല്പനകള്‍ . ഒരു വശത്ത് അച്ഛന്‍ .മറ്റൊരു വശത്ത് ഭര്‍ത്താവ് . പിന്നെ ഞാന്‍ നട്ടു വളര്‍ത്തിയ സന്തതികള്‍ . പിന്നെ വിശ്വാസങ്ങള്‍ എല്ലാം എന്നെ വേട്ടയാടി . ഒന്ന് ചെയ്യാന്‍ കഴിയാത്ത ഒരാള്‍ എങ്ങനെ വിജയിക്കും "
"അങ്ങനെ പറയുന്നത് ശരിയല്ല ഇവിടെ ഈ മതില്‍കെട്ടുകള്‍ തകര്‍ത്ത എത്ര സ്ത്രീകളുണ്ട് . അവരെപ്പോലെയാവാന്‍ എന്തേ നിനക്ക് കഴിഞ്ഞില്ല ?"
"അത്തരം സ്ത്രീകളെ മറ്റു സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള സമൂഹം മറ്റൊരു കണ്ണോടെയാണ് കാണുന്നത് . മാത്രവുമല്ല നാളെ നല്ലത് വരുമെന്ന വ്യാമോഹത്തില്‍ ഞാന്‍ ജീവിതം തള്ളി നീക്കി "

ഒരു നെടുവീര്‍പ്പോടെ ഞാന്‍ ചോദിച്ചു "അപ്പോള്‍ ഞാന്‍ നിന്നെ എന്തായിട്ടാണ് ചിത്രീകരിക്കേണ്ടത് ?"അവള്‍ അതിനു മറുപടി പറയാതെ പുഞ്ചിരിച്ചു ..
"വഞ്ചിച്ച കാമുകനോ ഭര്‍ത്താവോ തിരിച്ചു വരുമെന്ന പ്രതീക്ഷയില്‍ കഴിയുന്ന ഒരു സ്ത്രീയായി ചിത്രീകരിക്കട്ടെ ?"
ഇത് കേട്ടതും അവള്‍ പൊട്ടിച്ചിരിച്ചുകൊണ്ട് കമഴ്ന്നു നിലത്തില്‍ വീണു ."അയ്യയ്യോ ...നല്ല തമാശ ..സന്തോഷിക്കേണ്ട കാര്യങ്ങള്‍ അല്ലെ ഇവ ..ഈ കാത്തിരിപ്പ്‌ എന്ന് പറയുന്നത് ഒരു കള്ളതരമ...ഒരുവിധത്തില്‍ അടിമപ്പെടല്‍ " അവള്‍ പിന്നെയും ചിരിച്ചുകൊണ്ടിരുന്നു ...

"ശരി , സ്ത്രീ വിമോചനത്തിനായി പോരാടുന്ന ഒരു സ്ത്രീയായി ചിത്രീകരിയ്ക്കാം .ആ നല്ല നാളെയ്ക്കു പ്രതീക്ഷ അര്പിച്ചു ജീവിക്കുന്ന സ്ത്രീയാക്കാം "

" 'പ്രതീക്ഷ' ഇത് കുറെ കുത്തിനിറച്ച് എന്തും എഴുiതാം . അത് ചിലരെ കോരിതരിപ്പിചെയ്ക്കാം. അല്ലാതെ അതുകൊണ്ട് വേറെ ഗുണം ഒന്നുമില്ല . പിന്നെ ഇത് വായിച്ചു സമൂഹം മാറും എന്ന തോന്നല്‍ വേണ്ട, അത് വെറുതെയാണ് .എല്ലാം മാറും എന്ന വിശ്വാസം നല്ലതാണ് പക്ഷെ അത് സംഭവിക്കുമോ അറിയില്ല "

"നിന്നെ ഞാന്‍ ഒരു ലൈംഗിക തൊഴിലാളിയായി ചിത്രീകരിയ്ക്കം . പിന്നീട് നീ ആ ഉപജീവനം നിര്‍ത്തി ജീവിതത്തില്‍ ഉയര്‍ന്നു വരുന്നതായി ചിത്രീകരിയ്ക്കാം "

"ഹ! ലൈംഗിക തൊഴിലാളി ഒരു പുരുഷന് പകരം സമൂഹത്തിലെ എല്ലാ പുരുഷന്മാര്‍ക്കും അടിമപ്പെടുന്ന അവസ്ഥ . ആ ഉപജീവനം നിര്‍ത്തി എന്നൊക്കെ .....മൊത്തത്തില്‍ ഒരു പൈങ്കിളികഥ, അല്ലെങ്കില്‍ ഒരു മെഗാ സീരിയല്‍ അല്ലത്ത് വെറുതെ ....പിന്നെ അതുപോലെ ഒരു ഉപജീവനം മതിയാക്കി എന്ന് പറഞ്ഞാല്‍ സമൂഹം ചിരിച്ചു തള്ളും"

"അപ്പോള്‍ സമൂഹം അവളെ വീണ്ടും ആ തൊഴിലില്‍ തള്ളിവിടുന്നതായി അവസാനിപ്പിക്കാം എന്താ ?"

"കൊള്ളാം, ഒടുവില്‍ താനും ഒരു പുരുഷ മേധാവിയെപ്പോലെ സംസാരിച്ചു തുടങ്ങി . അവിടെ പിന്നെയും വിജയിക്കുനത് പുരുഷനല്ലേ സ്ത്രീ പിന്നെയും പരാജയപ്പെടുന്നു "

"കമ്മ്യുണിസ്റ്റ്‌ ഭാവിയിലേക്ക് കണ്ണ് നാട്ടിരിയ്ക്കുന്ന ഒരു സ്ത്രീയാക്കാം "

ഈ നിര്‍ദ്ദേശം അവള്‍ സ്വീകരിച്ചത് ഇങ്ങനെയാണ് "ശരി അങ്ങനെയാകട്ടെ, പക്ഷെ ഒരു ചോദ്യം ,ലോക കമ്യുണിസ്റ്റ്‌ പ്രസ്ഥാനം എത്ര സ്ത്രീ നേതാക്കളെ സൃഷ്ടിച്ചു ? "

"ഹ !പിന്നെ ഞാന്‍ നിന്നെ എങ്ങനെയാ ചിത്രീകരിയ്ക്കുക "
"എന്നെ ഞാനായി ചിത്രീകരിയ്ക്കുക "
എവിടെ നിന്നോ ഒരു കാറ്റ് മുറിയ്ക്കുള്ളിലെയ്ക്ക് വീശി "എനിക്ക് പോകാന്‍ സമയമായി ഇനി പിന്നീട് കാണാം "
ഒരു സംശയത്തോടെ ഞാന്‍ "എവിടെ വെച്ച് ?"
"എന്നെ താന്‍ എല്ലാ ദിവസവും എല്ലാ സമയവും കാണുന്നുണ്ട്. പക്ഷെ നമ്മള്‍ പരിചയപ്പെട്ടത്‌ ഇപ്പോഴാണെന്ന് മാത്രം "
അവള്‍ പോയതും ഞാന്‍ വീണ്ടുമെഴുതി

"അവള്‍ നാളെയ്ക്കു വേണ്ടി കാത്തിരിയ്ക്കുന്നു ..നാളെ നന്മയുണ്ടാകും എന്ന വ്യാമോഹത്തില്‍ ...ജീവിതത്തിലും സാഹിത്യത്തിലും മറ്റു എല്ലാ മേഖലകളിലും ഇനിയും അവള്‍ ജനിയ്ക്കും മരിയ്ക്കും ആരുമറിയാതെ വിലപിയ്ക്കും ...."

Monday, July 13, 2009

പശുവിന്റെ പല്ല്

"ഇങ്ങു വാ പൈയ്യെ ..."
നല്ല ലക്ഷണമൊത്ത നിന്നെ കിട്ടി കൂടെ മൂരികുട്ടനെയും. ഇനി ഒന്നും പേടിക്കാനില്ല .ഇനി ശ്രാദ്ധ കര്‍മ്മങ്ങള്‍ക്ക് പോകണ്ട . കാലാകാലമായി കുടുംബം ചെയ്തുവരുന്ന കുലത്തൊഴില്‍ ഇനി നിര്‍ത്താം. സുബ്രമണ്യ അയ്യര്‍ ദാനമായി കിട്ടിയ പശുവുമായി ഹൃദയം പങ്കു വെച്ച് വരുകയായിരുന്നു.

"ഇന്ദിര ഗാന്ധി കി ജയ്‌ ...." വിളികള്‍ അങ്ങകലെ നിന്ന് വന്നു . കോണ്‍ഗ്രെസ്സുക്കാരുടെ സമ്മേളനം നടക്കുന്നു. നേതാക്കള്‍ സംസാരിക്കുന്നു ...ദാരിദ്ര്യം ഇന്ത്യയില്‍ നിന്ന് തുടച്ചു നീക്കും എന്ന് ആണയിടുന്നു ...ഇതൊന്നും കേള്‍ക്കാതെ അയ്യര്‍ തന്റെ പശുവും കുട്ടിയുമായി നടന്നു നീങ്ങി .അയ്യര്‍ക്ക് രാഷ്ട്രീയത്തില്‍ തീരെ താല്‍പ്പര്യം ഇല്ലായിരുന്നു . പക്ഷെ അദ്ദേഹത്തിന്റെ ഇഷ്ട നേതാവ് എ കെ ജി ആയിരുന്നു .
പശു ദാനമായി തന്ന മഹാറാണി നീണാള്‍ വാഴട്ടെ !!! അവര്‍ ഒരു നൂറു വര്‍ഷമെങ്ങിലും ആരോഗ്യത്തോടെ ജീവിക്കട്ടെ !!! അയ്യര്‍ വാഴ്ത്തി
തിരുവിതാംകൂര്‍ മഹാറാണിയുടെ പിറന്നാളിന് ബ്രാഹ്മണര്‍ക്ക് ഗോദാനം നടത്താന്‍ തീരുമാനിച്ചിരുന്നു . ആ ദാനം ലഭിക്കാനുള്ള നറുക്ക് അയ്യര്‍ക്ക് വീണു .രാജഭരണം തീര്‍ന്നെങ്കിലും അവരുടെ പേരിനും പെരുമയ്ക്കും ഒരു കുറവും വന്നിട്ടില്ലായിരുന്നു.ഈ അടുത്ത കാലം വരെ അവര്‍ പത്മനാഭ സ്വാമി ക്ഷേത്രത്തില്‍ അന്നദാനം നടത്തിയിരുന്നു .അതിനാല്‍ അയ്യരും കുടുംബവും പട്ടിണി കിടക്കേണ്ട സാഹചര്യം ഇല്ലായിരുന്നു . എന്നാല്‍ ഇപ്പോള്‍ അന്നദാനം ഇല്ല. അയ്യരും കുടുംബവും പട്ടിണിയുടെ രുചി അറിഞ്ഞു തുടങ്ങി .കര്‍മങ്ങളില്‍ നിന്ന് കിട്ടുന്ന ദക്ഷിണ കൊണ്ടും മറ്റും അയ്യര്‍ ജീവിതം തള്ളി നീക്കി . അപ്പോഴാണ്‌ ഈ ഗോദാന സൌഭാഗ്യം അയ്യര്‍ക്കുണ്ടായത് . റാണി പശുവിന്റെയും കുട്ടിയുടെയും മൂക്കുകയര്‍ കയ്യില്‍ ഏല്‍പ്പിക്കുമ്പോള്‍ അയ്യരുടെ കണ്ണ് നിറഞ്ഞു .അയ്യര്‍ തന്റെ ആഗ്രഹരത്തിന്റെ പിന്നാമ്പുറത്ത് ഒരു ആല ശരിയാക്കിയിരുന്നു .

അയ്യര്‍ പശുവുമായി വരുമ്പോള്‍ ഒരു പെട്ടിക്കടയില്‍ നിന്നു, ഒരു സോഡാ കുടിക്കുമ്പോള്‍ "സാമി. സാമി ". അയ്യരെ ആരോ വിളിച്ചു . തിരിഞ്ഞു നോക്കുമ്പോള്‍ അതൊരു മുസ്ലിം യുവാവായിരുന്നു " സാമി ഈ പശു കൊടുക്കാനുള്ളതാണോ?" ഒരു പരിഹാസ ചിരിയോടെ അയ്യര്‍ മറുപടി പറഞ്ഞു "ഏയ് ഇതൊന്നും കൊടുക്കില്ല .ഇത് അഞ്ചു ലിറ്റര്‍ പാലെങ്കിലും തരും "ഇത് കേട്ട് മുസ്ലിം യുവാവ് ചിരിച്ചു "അഞ്ചു ലിറ്റര്‍? ഈ പശുവോ ? പിന്നെ സാമി ഒരു കാര്യം കൂടി ഈ മൂരി കുട്ടന്‍ ഈ പശുവിന്റെതല്ല ."
ഇത് കേട്ട് ഒരു ഞെട്ടലോടെ അയ്യര്‍ ചോദിച്ചു" അതെങ്ങനെ ?""കണ്ടില്ലേ അടുത്തുപോകുമ്പോള്‍ പശു മൂരികുട്ടനെ അകറ്റുന്നത് ..."യുവാവ് മറുപടി പറഞ്ഞു
എന്ത് ചെയ്യണമെന്നറിയാതെ അയ്യര്‍ കുഴങ്ങി . യുവാവ് പറഞ്ഞു "എന്റെ പേര് അലി .സാമിക്ക് ഈ പശു കൊടുക്കണം എന്നുണ്ടെങ്കില്‍ എന്നെ ഈ കടയില്‍ വന്നു പറഞ്ഞാല്‍ മതി ഞാന്‍ വരാം "
അയ്യര്‍ പശുവും കുട്ടിയുമായി വീട്ടില്‍ എത്തി .പശുവിനെയും കുട്ടിയെയും ആലയില്‍ കെട്ടി .അയ്യരുടെ ഭാര്യ ഗോമതി അമ്മാള്‍ സന്തോഷം കൊണ്ട് തുള്ളി ചാടി "ഇനി എല്ലാ നാളയ്ക്കും പാല്‍ സാപ്പിടലാം "അമ്മാള്‍ കുട്ടികളോട് പറഞ്ഞു .കുട്ടികള്‍ പശുവിനും കുട്ടിക്കും പേരിട്ടു "നന്ദിനി , കണ്ണന്‍ " അയ്യര്‍ ഒന്നും മിണ്ടിയില്ല "എന്തായാലും നോക്കാം. ചെലപ്പോ പശു കനിഞ്ഞാലോ ?" അമ്മാള്‍ വൈക്കോലും കാടിയും കൊടുത്തു .അടുത്ത ദിവസം അമ്മാള്‍ ചെന്ന് നോക്കി പശു ഒന്നും കഴിച്ചിട്ടില്ല .പാല്‍ കറക്കാന്‍ വന്ന പാല്‍ക്കാരനെയും പശു ആക്രമിച്ചു .മൂരികുട്ടന്‍ ഒന്നും കഴിക്കാതെ അവശനിലയിലാണ് .അയ്യര്‍ ഉടനെ പെട്ടിക്കടയിലേക്ക്‌ പോയി അലിയെ വിളിച്ചു . അലി വന്നു നോക്കിയിട്ട് പറഞ്ഞു "സാമി പശുവിനെ ഞാന്‍ എടുക്കാം പക്ഷെ സാമി ഇങ്ങോട്ട് പൈസ തരണം ഇതിനെ കൊണ്ട് പോകണ്ടേ ?"അയ്യര്‍ മനസ്സില്‍ വിചാരിച്ചു "പശു വെള്ളം പോലും കുടിക്കാതെ ഇവിടെ മരിച്ചാല്‍ അത് ബ്രഹ്മഹത്യയാകും ".വീട്ടില്‍ ബാക്കിയുണ്ടായിരുന്ന പൈസ അലിയെ ഏല്പിച്ചു പറഞ്ഞു "ഉടനെ ഈ പശുവിനെയും പൈയ്യിനെയും ഇവിടെ നിന്ന് കൊണ്ട് പോകു "അലി ഒരു വാഹനം കൊണ്ടുവന്നു, പശുവിനെയും പൈയ്യിനെയും കൂടികൊണ്ട് പോയി. വണ്ടി പോയതും അയ്യരെ ആരോ പിന്നിലേക്കു വിളിച്ചു
" ഡേയ് മണിയാ, ഇന്നയ്ക്ക് ഒരു ചാത്തം ഇരുക്ക്‌ നീ വറായ?" .വാധ്യാര്‍‍ ശ്രദ്ധത്തിനായി അയ്യരെ വിളിച്ചു . അയ്യര്‍ ഇറങ്ങാന്‍ തയ്യാറെടുക്കുമ്പോള്‍ ഒരു ജീപ്പ് വിളംബരവുമായി വന്നു ...എ കെ ജി പ്രസംഗിക്കുന്നു .

Thursday, January 29, 2009

ഒരു ബാ(ബോ)റന് അനുഭവം

മദ്യപാനം ഒരു ദുശീലമല്ല എന്നെന്നോട് പറയരുത് , അതൊരു വൃത്തികെട്ട ശീലം തന്നെയാണ് .പക്ഷെ എന്ത് ചെയ്യാം നമ്മളെ പോലെയുള്ള കുടിമകന്‍മാര്‍ കാരണമാണ് സര്‍ക്കാര്‍ തന്നെ നിലനിന്നു പോകുന്നത്. എന്നിട്ട് മദ്യപാനികള്‍ക്ക്‌ ചീത്തപ്പേരും. കുടിയന്‍, പാമ്പ് ,താമര, ബോട്ട് ....എന്നിങ്ങനെ (ഈയിടെ ഒരു പുതിയ പേരും കേട്ടു "ഡോള്‍ഫിന്‍ ":കാരണം ഇവന്മാര്‍ വെള്ളമടിച്ചു കഴിഞ്ഞാല്‍ കുഴഞ്ഞു കിടക്കും പിന്നെ ചാടി എഴുന്നേല്‍ക്കും .വെള്ളത്തില്‍ ഡോള്‍ഫിനെ പോലെ )

പൊതുവെ ഞാന്‍ ഒരു മദ്യപാനി അല്ല .പാര്‍ട്ടി നിലപാട് വെച്ചു പറഞ്ഞാല്‍ മദ്യനിരോധനമല്ല മറിച്ച് മദ്യവര്‍ജ്ജനമാണ് പാര്‍ട്ടി നിലപ്പാട് .മദ്യം കുടിക്കുകയും പിന്നെ വര്‍ജ്ജിക്കുകയും ചെയ്തിടുണ്ട് ഞാന്‍ . മദ്യവര്‍ജ്ജനത്തെ പറ്റി ഏറ്റവും കൂടുതല്‍ വിചാരിചിടുള്ളത് മദ്യം കഴിക്കുമ്പോഴാണ് .പൊതുവില്‍ നല്ലവരായ മനുഷ്യര്‍ മദ്യപിക്കുമ്പോള്‍ മാറുന്നു . വെള്ളമടിച്ചു കരയുന്നവര്‍ വെള്ളമടിച്ചു സത്യം പറയുന്നവര്‍ വെള്ളമടിച്ചു ചീത്ത വിളിക്കുന്നവര്‍ വെള്ളമടിച്ചു തത്വം പറയുന്നവര്‍ എന്നിങ്ങനെ വെള്ളമടിച്ചു കുട്ടിക്കരണം മറയുന്നവര്‍ വരെയുണ്ട് എന്‍റെ സുഹൃത്തുക്കളായി .

കോളേജില്‍ നിന്നും ഞങ്ങള്‍ ആദ്യമായി ബാംഗ്ലൂരില്‍ (ഇപ്പോള്‍ ബംഗലൂരു) പോകുന്നു . ഐ ടി നഗരമെന്നു പേരുകേട്ട സ്ഥലം . പബ്ബുകളുടെ സ്വന്തം നഗരം .......അങ്ങനെ ഞങ്ങള്‍ ഒരു പബ്ബില്‍ കയറി ......ജീവിതത്തില്‍ ആദ്യമായി കാണുന്ന പബ്ബ് ...ഉള്ളില്‍ അറിയാതെ മുതലാളിതത്തെ വാഴ്ത്തി ....കൂടെയുള്ള സുഹൃത്ത് പറഞ്ഞു "ഭൂമിയിലൊരു സ്വര്‍ഗം ഇതാ ഇവിടെ..." അതുവരെ തിരുവനന്തപുരത്തെ ചില ബാറുകള്‍ മാത്രം കണ്ടിടുള്ള ഞങ്ങള്‍ക്ക് അതൊരു പുത്തന്‍ അനുഭവമായിരുന്നു . കൂടി പോയാല്‍ തിരുവല്ലം എന്ന സ്ഥലത്തെ കള്ളുഷാപ്പും (ഇവിടെ നിന്നും മലയാറ്റൂര്‍ ആദ്യമായി വെള്ളമടിച്ചു എന്ന് വായിച്ചിടുണ്ട് ,വേരുകള്‍ എന്ന പുസ്തകത്തില്‍ ,"പട്ടര്‍ പട്ടാപ്പകല്‍ പട്ടയടിച്ചു ")

ഞങ്ങള്‍ ഒഴിഞ്ഞ ഒരു ഭാഗത്തേക്ക്‌ ചേക്കേറി .സ്ത്രീകള്‍ വെള്ളമടിക്കുന്നത് കണ്ടു കണ്ണ് തള്ളി (അതും ഒരു പുത്തന്‍ കാഴ്ചയായിരുന്നു )ഞങ്ങള്‍ ഓര്‍ഡര്‍ ചെയ്തു വിസ്കി ,ബ്രാണ്ടി , റം , വോഡ്ക, ...ചുരുക്കിപ്പറഞ്ഞാല്‍ "ഒരു ലിറ്ററോളം പയിന്റ്റ്"(കടപ്പാട് : വി കെ യെന്‍ ). ഞാന്‍ ഓര്‍ഡര്‍ ചെയ്തില്ല ,മടിച്ചു നിന്നു , ഒന്നാമതായി അറിയാത്ത സ്ഥലം, , പിന്നെ പാര്‍ട്ടി വിരുദ്ധം .....

"നീ എന്താ കഴിക്കുന്നില്ലേ " ഒരുവന്‍ ചോദിച്ചു
"ഇല്ല ,വേണ്ട ശരിയാവില്ല "
"ഓ ,സഖാക്കള്‍ വെള്ളമ്മടിക്കറില്ലലോ" മറ്റൊരുവന്‍ മൊഴിഞ്ഞു
"അതെ നല്ല സഖാക്കള്‍ മദ്യപിക്കാറില്ല "
"ഒന്നു പോടേ ചൈനയിലെ ആഗോള സഖാക്കന്മാര്‍ മദ്യപിക്കുന്നു , പിന്നെയാ നീ "
പക്ഷെ ഞാന്‍ ഒറച്ചു നിന്നു ..."ഇല്ല ഞാന്‍ മദ്യപിക്കുന്നില്ല "
ഒരു ഓറഞ്ച് ജൂസ് ഓര്‍ഡര്‍ ചെയ്തു . അപ്പോള്‍ ബെയറര്‍ ചോദിച്ചു " വിത്ത് റം ഓര്‍ വോഡ്ക സര്‍ ?"
"നോ നോ പ്ലെയിന്‍ ഓറഞ്ച് ജൂസ്"
അങ്ങനെ എല്ലാവര്‍ക്കും മദ്യമെത്തി എനിക്ക് ഓറഞ്ച് ജൂസും രണ്ടെണ്ണം ഉള്ളില്‍ പോയതും പലവന്റെയും സ്വഭാവം മാറി തുടങ്ങി ഒരുവന്‍ " തീപ്പെട്ടി ...?"
ഒരുവന്‍ തീപ്പെട്ടി നല്കി ."സിഗരട്ട്‌ ആര് നിന്റെ ________ കൊണ്ടു തരുമോ "
മറ്റൊരുവന്‍ തത്വം തുടങ്ങി " എടാ ഈ സോഫ്റ്റ്‌വെയര്‍ ഇല്‍ പണിയെടുത്തു ഒരു യന്ത്രമാകാന്‍ വിധിക്കപെട്ടവരാട നമ്മള്‍ , പക്ഷെ മൂര്‍ത്തി നിന്നിലെ കവി മരിക്കരുത്‌ "
മറ്റൊരുവന്‍ പാട്ടു തുടങ്ങി "ഏഴ് സ്വരങ്ങളും തഴുകി വരുന്നൊരു ഗാനം ..........."
മറ്റൊരുവന്‍ ചീത്ത വിളി തുടങ്ങി "എടാ !@#$@$ മോനേ നീ നിന്റെ അമ്മയോട് പറഞ്ഞു ആ പലഹാരം ഉണ്ടാക്കാന്‍ പറയണം ഇല്ലെങ്ങില്‍ പൊന്നു മോനേ നിന്നെ ഞാന്‍ .............."
ഈ ബഹളങ്ങളില്‍ ഒന്നും പെടാതെ ഒരുവന്‍ മേശയുടെ മേല്‍ കിടന്നു (ഡോള്‍ഫിന്‍ പോലെ ). അവന്‍ ബെയറര്‍ വരുമ്പോള്‍ മാത്രം ഉണര്‍ന്നു . ഞാന്‍ പിന്നെയും ഒരു പ്ലെയിന്‍ ഓറഞ്ച് ജൂസ് പറഞ്ഞു . ബില്‍ അപ്ന അപ്ന ആണെന്ന തീരുമാനത്തിലാണ് ഞങ്ങള്‍ കയറിയത് . ഓരോരുത്തരുടെ ബില്‍ വന്നു . എന്റെയും
ബില്ലിലെ വില കണ്ടു ഞാന്‍ ഞെട്ടി . മദ്യപിച്ചവരെക്കാള്‍ കൂടുതല്‍ വില രണ്ടു ഓറഞ്ച് ജൂസിനു വന്നു ...എന്‍റെ കയ്യിലെ മുഴുവന്‍ പണവും അതോടെ തീര്‍ന്നു. അടുത്തിരുന്ന സുഹൃത്തിന്റെ മദ്യഗ്ലാസ് ഞാന്‍ കയ്യിലെടുത്ത് മോത്തി കുടിച്ചു .ഉള്ളൊന്നു കാളി , "ഹാവൂ ഇനി ഇത്രയും പണം കൊടുക്കാം "

ഈ സമൂഹം ഒരുവനെ നന്നാവാന്‍ സമ്മതിക്കില്ല . ഒരു പഴയ നാടക ഡയലോഗ് ഓര്‍മവന്നു "ഈ സമൂഹമാണ് എന്നെ മദ്യപാനിയാക്കിയത് ...ഈ സമൂഹമാണ് കുറ്റക്കാര്‍ "(വെള്ളമടിക്കാന്‍ ഓരോരുത്തര്‍ പറയുന്ന ന്യായങ്ങള്‍ )

ശുഭം

Sunday, January 25, 2009

ഓര്‍മ്മയിലെ കൈയ്യൊപ്പ്

"ഇതു പോലെ എഴുതാന്‍ ഇനി ആര്‍ക്കാ കഴിയുക? "

"നീ ഒരു കടുത്ത എം ടി ഫാനായെന്നു തോന്നുന്നു "

"ആയിപ്പോകും അരുണേ എന്താ ഈ ഭാഷയുടെ ഒരു ശക്തി ? ഒരാള്‍ക്ക് ഇങ്ങനെ ഒക്കെ എങ്ങനെയാ എഴുതാന്‍ കഴിയുക "തീവണ്ടി യാത്രയുടെ താളത്തില്‍ ഞങ്ങളുടെ സാഹിത്യ ചര്‍ച്ച പുരോഗമിച്ചു



"നീ കരുതുന്നത് പോലെ ഒന്നുമല്ല എം ടി യുടെ രചനകള്‍ അതില്‍ വിപ്ലവകരമായി ഒന്നും ഇല്ല .ഒരു കാലഘടത്തിന്‍റെ ചില നേര്ത്ത രേഖകള്‍ അതില്‍ കവിഞ്ഞു നോക്കിയാല്‍ മഹാഭാരത കഥയുടെ, ബൈബിളിന്‍റെ ചില വ്യത്യസ്ത വീക്ഷണങ്ങള്‍ .ഞാന്‍ പറയും ബഷീറാണ് ഏറ്റവും വിപ്ലവകരമായ കഥകള്‍ എഴുതിയ വ്യക്തി 'പ്രേമലേഖനം' മാത്രം ഉദാഹരണമായി എടുക്കാം .അതില്‍ കവര്‍ ചെയ്യുന്ന സാമൂഹിക പ്രശ്നങ്ങള്‍ പിന്നീട് വന്ന ഒരു സാഹിത്യകാരന്മാരും തൊടാന്‍ പോലും ധൈര്യപ്പെടാത്തവയാണ്"

"ഞാന്‍ പൂര്‍ണമായി യോജിക്കുന്നു ബഷീര്‍ വിശ്വസാഹിത്യകാരന്‍ തന്നെ .പക്ഷെ എം ടി എം ടി തന്നെയാണ് . രണ്ടും രണ്ടു സര്‍വ്വകലാശാലകള്‍ "

"എന്തോ എനിക്ക് ഈ കണ്ടെത്തലിനോട് യോജിക്കാന്‍ കഴിയുനില്ല എം ടി യുടെ രചനകള്‍ മോശം എന്ന് പറയാന്‍ ഞാന്‍ ആളല്ല. പക്ഷെ എം ടി യെ പൂര്‍ണ്ണമായി അംഗീകരിക്കാന്‍ എനിക്ക് കഴിയുന്നില്ല " അരുണ്‍ മറുപടി നല്കി

പുറത്തു മഴപെയ്യുന്നുണ്ടായിരുന്നു ജനാലയിലൂടെ മഴച്ചാറലുകള് മുഖത്തടിച്ചു. ഏതോ ഓണപ്പതിപ്പ് എം ടി യുടെ 'മഞ്ഞ്' സിനിമയായ അനുഭവം വിശദീകരിച്ചു . ഞാന്‍ ആ ലേഖനം വായിക്കവേ ടി ടി ഈ വന്നു .ഞാന്‍ ടിക്കറ്റ് അദ്ദേഹത്തിന്റെ നേര്‍ക്ക്‌ നീട്ടി"എന്താ ഈ ലേഖനം പറയുന്നതു " സൌമ്യഭാഷിയായ അദ്ദേഹം എന്നോട് ചോദിച്ചു

"എം ടി യുടെ 'മഞ്ഞ്' സിനിമയായ അനുഭവം വിവരിക്കുകയാണ് "

"എം ടി സര്‍ സെക്കന്റ് എ സി യില്‍ യാത്രചെയ്യുകയാണ് " ടി ടി ഈ പറഞ്ഞു

ഇതു കേട്ടതും ഞാന്‍ മതി മറന്നു സന്തോഷിച്ചു. ഞാന്‍ ബഹുമാനിക്കുന്ന മഹാനായ എഴുത്തുകാരന്‍ ഞാന്‍ സഞ്ചരിക്കുന്ന അതെ വണ്ടിയില്‍ സഞ്ചരിക്കുന്നു. ഈ യാത്രയുടെ ഓര്‍മയ്ക്കായി എനിക്ക് അദ്ദേഹത്തിന്റെ ഒരു ഓട്ടോഗ്രാഫ് വാങ്ങിക്കണം. അദ്ദേഹത്തെ ഒരുപാട് സദസ്സുകളില്‍ വെച്ചു കണ്ടിടുണ്ട് എങ്ങിലും......ഈ യാത്ര അവിസ്മരണീയമാണ്...

"നിനക്കു വട്ടാണ് സെക്കന്റ് എ സി ഇവിടെ നിന്നും നാലഞ്ച് ബോഗി അകലെയാണ് പിന്നെ ട്രെയിന്റെ ഉള്ളിലൂടെ പോകാം എന്ന് വിചാരിക്കണ്ട, ആ കതക് പൂട്ടിയിരിക്കുകയാണ് ". അരുണ്‍ പറഞ്ഞു

"ചില വട്ടുകള്‍ ഇങ്ങനെയാടാ അരുണേ. ഇതൊന്നും പറഞ്ഞ നിനക്കു മനസ്സിലാകില്ല "

"ഈ മഴ സമയത്തു ബോഗിയൊക്കെ കണ്ടെത്തി പോകുന്നത് അപകടകരമാണ് "അരുണ്‍ മുന്നറിയിപ്പ് നല്കി

ഈ മുന്നറിയിപ്പൊന്നും വകവെയ്ക്കാതെ ഞാന്‍ സെക്കന്റ് എ സി കണ്ടെത്താന്‍ തന്നെ തീരുമാനിച്ചു . രാത്രികാല വണ്ടികള്‍ ചെറിയ സ്റ്റേഷനില്‍ നിര്‍ത്തിയില്ല .ട്രെയിന്‍ പ്രമുഖമായ ഒരു സ്റ്റേഷനില്‍ നിര്‍ത്തിയതും ഞാന്‍ ഓണപ്പതിപ്പുമായി ഇറങ്ങി .ഓട്ടോഗ്രാഫ് ആ ലേഖനത്തില്‍ തന്നെ വാങ്ങിക്കണം എന്ന് ഞാന്‍ ഉറപ്പിച്ചു. സെക്കന്റ് എ സി തേടി ഞാന്‍ നടന്നു. ഒടുവില്‍ കണ്ടെത്തി. ഞാന്‍ ആ ബോഗിയില്‍ കയറിയതും ട്രെയിന്‍ നീങ്ങി.അതാ ഇരിക്കുന്നു എം ടി അദ്ദേഹം ഭക്ഷണം കഴിക്കുകയാണ് ഓട്ടോഗ്രാഫ് ചോദിയ്ക്കാന്‍ ഇതു നല്ല സമയം അല്ല. ഞാന്‍ പുറത്തു കാത്തു നിന്നു. അപ്പോഴും മഴപെയ്യുന്നുണ്ടായിരുന്നു ചില മിന്നല്‍പ്പിണറുകള്‍ ഫോട്ടോഫ്ലാഷ് പോലെ വന്നു പോയി . തീവണ്ടി ചൂളം മൂളി മുന്നോട്ടു പോയി

അദ്ദേഹം ഭക്ഷണം കഴിച്ച് പൊതിയും പേപ്പറുമായി പുറത്തേയ്ക്ക് വന്നു, കൈകഴുകിഅദ്ദേഹത്തെ ഇത്ര അടുത്ത് കാണുന്നത് ഇതാദ്യമായിട്ടാണ്. എന്തോ ചിന്തകള്‍ അദ്ദേഹത്തിന്റെ മനസ്സിലൂടെ പോവുകയായിരുന്നോ ?അതോ ഏതെങ്കിലും രചനയുടെ ആലോചനയാണോ?തിരിച്ചു അദ്ദേഹം സീറ്റില്‍ ഇരിക്കുന്നത് വരെ കാത്തു നിന്നു

ചെറിയഭയാശങ്കകളോടെ ഞാന്‍ അദ്ദേഹത്തെ സമീപിച്ചു "സര്‍ , ഒരു ഓട്ടോഗ്രാഫ് "അദ്ദേഹം മുഖമൊന്നുയര്‍ത്തി നോക്കി "എന്‍റെ ഏകാന്തത നശിപ്പിക്കാന്‍ വന്ന ആശുഭജന്തു " ഇതായിരിക്കുമോ അദ്ദേഹത്തിന്റെ മനസ്സില്‍?

പതിപ്പ് വാങ്ങി അദ്ദേഹം ചോദിച്ചു "ഇതു ഏതാ പുസ്തകം ?"

"മാധ്യമം ആഴ്ചപതിപ്പ് "

"ആരാ ഈ ലേഖനം എഴുതിയത്?"

"ബാലകൃഷ്ണന്‍ "

അദ്ദേഹം കീശയില്‍ നിന്നും പേനയെടുത്ത് ലേഖനത്തില്‍ ഒപ്പിട്ടു "സര്‍ കോഴിക്കോട്ടെയ്ക്കാണോ ? "

അദ്ദേഹം സ്വതസിദ്ധമായ ഗൌരവത്തില്‍ പറഞ്ഞു "അതെ കോഴിക്കോട്ടെയ്ക്കാ...". പുസ്തകം തിരികെ തരുകയും ചെയ്തു

"താങ്ക് യു‌ സര്‍ " ഞാന്‍ പിന്‍വാങ്ങി

മഷിപ്പേനയായതിനാല് ഒപ്പ് പടര്‍ന്നിരുന്നുമഹനീയ സൃഷ്ടികള്‍ രചിച്ച തൂലികെ .... നിനക്കെന്റെ നമസ്ക്കാരം ...മനസ്സു പുറത്തെ മഴയുടെ താളത്തില്‍ നൃത്തം ചവിട്ടി, തീവണ്ടി ചൂളം മൂളി മുന്നോട്ടു നീങ്ങി



തീവണ്ടി ഏതോ സ്റ്റേഷനില്‍ നിര്‍ത്തി, ഞാന്‍ എന്‍റെ ബോഗിയുടെ നേര്‍ക്ക്‌ നടന്നുതീവണ്ടി പെട്ടെന്ന് മുന്നോട്ടു നീങ്ങി. ഞാന്‍ പുസ്തകവുമെടുത്ത്‌ ഓടി . പ്ലാറ്റ്ഫോമില്‍ കെട്ടികിടന്ന വെള്ളം വസ്ത്രത്തില്‍ തെറിച്ചു ഞാന്‍ മുഴുവന്‍ ശക്തിയുമെടുത്തു ഓടി. എന്‍റെ കൈവരിയില്‍ പിടിച്ചു കയറി. പൊടുന്നനെ ഒരു ഫോട്ടോഫ്ലാഷ് മിന്നല്‍ രൂപത്തില്‍ മുഖത്തടിച്ചു. കൈയ്യിലെ പുസ്തകം വഴുതി പാളങ്ങള്‍ക്കിടയില്‍ പോയി. ഒരു നിമിഷം എന്ത് ചെയ്യണമെന്നറിയാതെ ഞാന്‍ കുഴങ്ങി

അരുണ്‍ ഓടി വന്ന് കയ്യില്‍ പിടിച്ചു ട്രെയിനില്‍ കയറ്റി" ഓട്ടോഗ്രാഫ് കിട്ടിയോ ?"

"കിട്ടി പക്ഷെ പോയി..."

"എവിടെ പോയി ?".......................................................................................

തിരിച്ചു ഞാന്‍ സീറ്റില്‍ വന്നിരുന്നു പുറത്തു അപ്പോഴും മഴ പെയ്യുന്നുണ്ടായിരുന്നു"നീ എന്താ ആലോചിക്കുന്നത് ?" അരുണ്‍ എന്നോട് ചോദിച്ചു

"പാളങ്ങളില്‍ ഇപ്പോഴും മഴ പെയ്യുന്നുണ്ടാകും അല്ലെ "

"ഉണ്ടാവാം "

ഞാന്‍ മനസ്സില്‍ ആ രംഗം ചിത്രീകരിക്കാന്‍ ശ്രമിച്ചു മഴത്തുള്ളികള്‍ വീണ് പടര്‍ന്ന് ഇല്ലാതാകുന്ന ആ ഓട്ടോഗ്രാഫ്.... എം ടി യുടെ കൈയ്യൊപ്പ്

[ റെ ബ്രാട്ബറിയുടെ ചെറുകഥയാണ് ഈ കഥയ്ക്ക്‌ പ്രചോദനം. എം ടി യെ ഒരു തീവണ്ടി യാത്രയ്ക്കിടയില്‍ കണ്ടതും ഓട്ടോഗ്രാഫ് വാങ്ങിയതും ഈ കഥയുടെ ആധാരം ]

Saturday, January 24, 2009

കള്ളനും പോലീസും

ക്രിസ്മസ് അവധി തുടങ്ങി കഴിഞ്ഞു . സോഫ്റ്റ്‌വെയര്‍ കമ്പനിയില്‍ ജോലി ചെയ്യുന്ന എന്നെ പോലെയുള്ള മഹാപാപികള്‍ക്ക് ഒരു ദിവസം മാത്രമാണ് അവധി. വെറുതെ കുട്ടിക്കാലത്തെ ഓര്‍മ്മകളിലേയ്ക്ക് വഴുതി വീണ് സമയം കൊല്ലുമ്പോള്‍ , എവിടെ നിന്നോ ഭയങ്കര ബഹളം കേട്ടു, ജനാലയിലൂടെ നോക്കിയപ്പോള്‍ അയല്‍പ്പക്കത്തെ കുട്ടികള്‍ കളിക്കുകയാണ്.

"ഡിഷ്യും...ഡിഷ്യും ..." ശബ്ദങ്ങള്‍ നിറഞ്ഞു നില്ക്കുന്നു. രണ്ടു വികൃതികള്‍ മതില്‍ ചാടി എന്‍റെ വീടിനുള്ളില്‍ കയറി. ഞാന്‍ താഴെ ഇറങ്ങി രണ്ടിനെയും വിരട്ടി. " എന്താടാ ഈ പ്രായത്തില്‍ തന്നെ മതില്‍ ചാടുന്നോ ?കള്ളാ ബടുവ ".

പതിഞ്ഞ സ്വരത്തില്‍ അവര്‍ പറഞ്ഞു " ചേട്ടാ ...ഞങ്ങള്‍ army-terrorist കളിക്കുവാ ...ഞങ്ങള്‍ terrorist ആ ...അവര്‍ ഞങ്ങളെ പിടിച്ചു കൊല്ലാന്‍ വരുവാ ..."
"അവരുടെ കയ്യില്‍ തോക്ക് , ബോംബ് എല്ലാം ഉണ്ട് ഞങ്ങള്ക്ക് തോക്ക് മാത്രമെ ഉള്ളു ...ഞങ്ങള്‍ ഇവടെ ഉള്ള കാര്യം അവരോട് പറയല്ലേ ...അവര്‍ ഞങ്ങളെ കണ്ടില്ലെങ്ങില്‍ ഞങ്ങള്‍ ജയിച്ചു "അവര്‍ വീടിന്ടെ പിറകില്‍ ഒളിച്ചു ഇടയ്ക്കിടയ്ക്ക് army ടീമിലെ കുട്ടികള്‍ വെടിപൊട്ടിച്ചു .

Terrorist ടീമിലെ കുട്ടികള്‍ വീട്ടില്‍ കയറി എന്നോട് കുറച്ചു സംസാരിച്ചു " ചേട്ടന്മാര്‍ ഈ കളി കളിചിടുണ്ടോ " ഞാന്‍ പറഞ്ഞു " ഇല്ല ഞാന്‍ കളിച്ചത് കള്ളനും പോലീസും ആണ് . പിന്നെ ഒളിച്ചു കളി . ഇതു പോലെയുള്ള കളികള്‍ ഞങ്ങള്‍ കളിച്ചിട്ടില്ല "

ഒരുവന്‍ ചോദിച്ചു "കള്ളനും പോലീസും കളിക്കുമ്പോള്‍ പോലീസിന് തോക്ക് കാണുമല്ലോ "
ഞാന്‍ പറഞ്ഞു "ഇല്ല അന്നത്തെ കള്ളന്മാരെ പിടിക്കാന്‍ പോലീസിന് തോക്ക് വേണ്ടി വന്നില്ല അവര്‍ ഓടിച്ചു തന്നെ പിടിക്കുമായിരുന്നു പക്ഷെ വേറെ കള്ളന്മാര്‍ക്ക് അവരെ തുറന്നു വിടാന്‍ സാധിക്കും "
"അയ്യേ ഇതെന്തു കളി തോക്ക് പോലും ഇല്ലാത്ത കളി . തോക്കില്ലാതെ terrorist നെ പിടിക്കുന്നതെങ്ങനെയാ ? ഈ ചേട്ടന്മാരുടെത് പന്ന കളി "

ഇത്രയും പറഞ്ഞു നിര്‍ത്തിയതും army ടീമിലെ കുട്ടികള്‍ വീടിലേക്ക്‌ ഇരച്ചു കയറി വെടിവെയ്പ്പ് തുടങ്ങി .ആ വെടിവെയ്പ്പില്‍ terrorist ടീമിലെ കുട്ടികള്‍ മരിച്ചു വീണു. പിന്നെ army ടീം സന്തോഷാരവത്തോടെ ഓടി മറഞ്ഞു terrorist ടീമിലെ കുട്ടിക്കള്‍ പിന്നെ അവരുടെ പിറകെ പോയി

ഇതെല്ലം കണ്ടു സ്തബ്ധനായി ഞാന്‍ നിന്നു. .................

ഇതു പുതിയ കാലത്തെ കള്ളനും പോലീസും...............................