"കടലിനഭിമുഖമായി അവള് നിന്നു. ചക്രവാളം ചുവന്നിരിക്കുന്നു ...ശക്തമായ കാറില്‍ അവളുടെ മുടിയും വസ്ത്രവും പറന്നുകൊണ്ടിരുന്നു. അവള് അവള് മാത്രം ....അവള് എന്തിനോവേണ്ടി കാത്തിരിക്കുന്നു ..എന്താണത് ?"
ഇത്രയും എഴുതി പേനയടച്ചു. രാത്രി നന്നേ ഇരുട്ടിയിരിക്കുന്നു. അവധിയ്ക്ക് വന്നിട്ട് എഴുതാന്‍ തുടങ്ങി. അവധി നാളില്‍ സുഹൃത്തിന്റെ ഫാം ഹൌസില്‍ താമസിക്കാന്‍ വന്നതാണ്. ഒന്നും ചെയ്യാതെ വെറുതെ ഭക്ഷണവും കഴിച്ച് ആ ഫാം ഹൌസില്‍ സമയം ചിലവഴിച്ചു . ഇന്ന് അത്താഴം കഴിഞ്ഞ് എഴുതാനിരുന്നു. ആദ്യ വരികള്‍ പിറന്നു. മേശയ്ക്കരികിലുള്ള ജനാലയിലൂടെ പുറത്തേയ്ക്ക് നോക്കി ....പൌര്‍ണമി ദിവസം.
അകലെയെവിടെനിന്നോ ശക്തമായ കാറ്റ് വീശി. ആ കാറ്റില്‍ ജനാലകള്‍ ചിലച്ചു. ജനാലകള്‍ അടയ്ക്കാന്‍ ഞാന്‍ പരിശ്രമിക്കവേ ...ആരോ വാതിലില്‍ മുട്ടുന്ന ശബ്ദം കേട്ടു. ആരാണ് ഈ അര്‍ദ്ധരാത്രിയില്‍ വാതിലില്‍ മുട്ടുന്നത് ? രാന്തലുമേന്തി ഞാന്‍ വാതില്ക്കല് പോയി വാതില്‍ തുറന്നു.
റാന്തല്‍ വെളിച്ചം ഞാന്‍ ഒന്നുയര്‍ത്തി . ഏതോ ഒരു സ്ത്രീ ..കാറ്റില്‍ അവളുടെ മുടിയും വസ്ത്രവും പറന്നുകൊണ്ടിരുന്നു ."ഞാന്‍ 'അവള്' "അവള് പറഞ്ഞു .
ഒരു നടുക്കത്തോടെ ഞാന്‍ ചോദിച്ചു "നീയാണോ പലരും പറയുന്ന യക്ഷി ?"
"അല്ല ഞാന്‍ യക്ഷിയല്ല . ഞാന്‍ താങ്കളിപ്പോള്‍ എഴുതിയ 'അവള്' "
ഒരു ഭയത്തോടെ ഞാന്‍ വീണ്ടും ചോദിച്ചു ."ഇവിടെ ഇപ്പോള്‍ എന്തിനു വന്നു ?"
"എന്റെ സ്രഷ്ടാവിനെ കാണാന്‍ "
"സൃഷ്ടിച്ച ശേഷം കണ്ടാല്‍ മതിയാവില്ലേ "
"എന്നെ അറിയാതെ താങ്കള്‍ എന്നെ എങ്ങനെ സൃഷ്ടിക്കും ?" ഞാന്‍ അവളെ അകത്തേയ്ക്കു വിളിച്ചു. ഒരു അഭിമുഖം പോലെ ഞങ്ങളുടെ സംഭാഷണം തുടങ്ങി
"ശരി നീ ആരാണ് ? എന്താണ് നീ? "
"ഞാന്‍ ഒരു സാധാരണ സ്ത്രീ മാത്രം. ഉപജീവനത്തിനായി തൊഴില്‍ ചെയ്യുന്ന ഒരുപാട് സ്ത്രീകളെ പോലെ ഞാനും ഒരുവള്‍ ".
"നിന്റെ ഭര്‍ത്താവ് ,കുടുംബം എന്നിവ ?"
" അതും ഒരു പഴയ കഥ തന്നെ . കുടുംബത്തിനു വേണ്ടി പണിയെടുത്തു .ഭര്‍ത്താവാല്‍ 'സുരക്ഷിത' ആയി. സ്വാതന്ത്രയ്തിനായി ശ്രമിച്ചു പക്ഷെ പരാജയപ്പെട്ടു "
" നീ ഈ പറയുന്ന 'പരാജയം' എന്താണ് ?"
"എല്ലവിടതുനിന്നും കല്പനകള് . ഒരു വശത്ത് അച്ഛന് .മറ്റൊരു വശത്ത് ഭര്‍ത്താവ് . പിന്നെ ഞാന്‍ നട്ടു വളര്‍ത്തിയ സന്തതികള്‍ . പിന്നെ വിശ്വാസങ്ങള്‍ എല്ലാം എന്നെ വേട്ടയാടി . ഒന്ന് ചെയ്യാന്‍ കഴിയാത്ത ഒരാള്‍ എങ്ങനെ വിജയിക്കും "
"അങ്ങനെ പറയുന്നത് ശരിയല്ല ഇവിടെ ഈ മതില്കെട്ടുകള് തകര്‍ത്ത എത്ര സ്ത്രീകളുണ്ട് . അവരെപ്പോലെയാവാന്‍ എന്തേ നിനക്ക് കഴിഞ്ഞില്ല ?"
"അത്തരം സ്ത്രീകളെ മറ്റു സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള സമൂഹം മറ്റൊരു കണ്ണോടെയാണ് കാണുന്നത് . മാത്രവുമല്ല നാളെ നല്ലത് വരുമെന്ന വ്യാമോഹത്തില്‍ ഞാന്‍ ജീവിതം തള്ളി നീക്കി "
ഒരു നെടുവീര്‍പ്പോടെ ഞാന്‍ ചോദിച്ചു "അപ്പോള്‍ ഞാന്‍ നിന്നെ എന്തായിട്ടാണ് ചിത്രീകരിക്കേണ്ടത് ?"അവള് അതിനു മറുപടി പറയാതെ പുഞ്ചിരിച്ചു ..
"വഞ്ചിച്ച കാമുകനോ ഭര്‍ത്താവോ തിരിച്ചു വരുമെന്ന പ്രതീക്ഷയില്‍ കഴിയുന്ന ഒരു സ്ത്രീയായി ചിത്രീകരിക്കട്ടെ ?"
ഇത് കേട്ടതും അവള് പൊട്ടിച്ചിരിച്ചുകൊണ്ട് കമഴ്ന്നു നിലത്തില്‍ വീണു ."അയ്യയ്യോ ...നല്ല തമാശ ..സന്തോഷിക്കേണ്ട കാര്യങ്ങള്‍ അല്ലെ ഇവ ..ഈ കാത്തിരിപ്പ് എന്ന് പറയുന്നത് ഒരു കള്ളതരമ...ഒരുവിധത്തില്‍ അടിമപ്പെടല്‍ " അവള് പിന്നെയും ചിരിച്ചുകൊണ്ടിരുന്നു ...
"ശരി , സ്ത്രീ വിമോചനത്തിനായി പോരാടുന്ന ഒരു സ്ത്രീയായി ചിത്രീകരിയ്ക്കാം .ആ നല്ല നാളെയ്ക്കു പ്രതീക്ഷ അര്പിച്ചു ജീവിക്കുന്ന സ്ത്രീയാക്കാം "
" 'പ്രതീക്ഷ' ഇത് കുറെ കുത്തിനിറച്ച് എന്തും എഴുiതാം . അത് ചിലരെ കോരിതരിപ്പിചെയ്ക്കാം. അല്ലാതെ അതുകൊണ്ട് വേറെ ഗുണം ഒന്നുമില്ല . പിന്നെ ഇത് വായിച്ചു സമൂഹം മാറും എന്ന തോന്നല്‍ വേണ്ട, അത് വെറുതെയാണ് .എല്ലാം മാറും എന്ന വിശ്വാസം നല്ലതാണ് പക്ഷെ അത് സംഭവിക്കുമോ അറിയില്ല "
"നിന്നെ ഞാന്‍ ഒരു ലൈംഗിക തൊഴിലാളിയായി ചിത്രീകരിയ്ക്കം . പിന്നീട് നീ ആ ഉപജീവനം നിര്‍ത്തി ജീവിതത്തില്‍ ഉയര്‍ന്നു വരുന്നതായി ചിത്രീകരിയ്ക്കാം "
"ഹ! ലൈംഗിക തൊഴിലാളി ഒരു പുരുഷന് പകരം സമൂഹത്തിലെ എല്ലാ പുരുഷന്മാര്ക്കും അടിമപ്പെടുന്ന അവസ്ഥ . ആ ഉപജീവനം നിര്‍ത്തി എന്നൊക്കെ .....മൊത്തത്തില്‍ ഒരു പൈങ്കിളികഥ, അല്ലെങ്കില്‍ ഒരു മെഗാ സീരിയല്‍ അല്ലത്ത് വെറുതെ ....പിന്നെ അതുപോലെ ഒരു ഉപജീവനം മതിയാക്കി എന്ന് പറഞ്ഞാല്‍ സമൂഹം ചിരിച്ചു തള്ളും"
"അപ്പോള്‍ സമൂഹം അവളെ വീണ്ടും ആ തൊഴിലില്‍ തള്ളിവിടുന്നതായി അവസാനിപ്പിക്കാം എന്താ ?"
"കൊള്ളാം, ഒടുവില്‍ താനും ഒരു പുരുഷ മേധാവിയെപ്പോലെ സംസാരിച്ചു തുടങ്ങി . അവിടെ പിന്നെയും വിജയിക്കുനത് പുരുഷനല്ലേ സ്ത്രീ പിന്നെയും പരാജയപ്പെടുന്നു "
"കമ്മ്യുണിസ്റ്റ് ഭാവിയിലേക്ക് കണ്ണ് നാട്ടിരിയ്ക്കുന്ന ഒരു സ്ത്രീയാക്കാം "
ഈ നിര്‍ദ്ദേശം അവള് സ്വീകരിച്ചത് ഇങ്ങനെയാണ് "ശരി അങ്ങനെയാകട്ടെ, പക്ഷെ ഒരു ചോദ്യം ,ലോക കമ്യുണിസ്റ്റ് പ്രസ്ഥാനം എത്ര സ്ത്രീ നേതാക്കളെ സൃഷ്ടിച്ചു ? "
"ഹ !പിന്നെ ഞാന്‍ നിന്നെ എങ്ങനെയാ ചിത്രീകരിയ്ക്കുക "
"എന്നെ ഞാനായി ചിത്രീകരിയ്ക്കുക "
എവിടെ നിന്നോ ഒരു കാറ്റ് മുറിയ്ക്കുള്ളിലെയ്ക്ക് വീശി "എനിക്ക് പോകാന്‍ സമയമായി ഇനി പിന്നീട് കാണാം "
ഒരു സംശയത്തോടെ ഞാന്‍ "എവിടെ വെച്ച് ?"
"എന്നെ താന്‍ എല്ലാ ദിവസവും എല്ലാ സമയവും കാണുന്നുണ്ട്. പക്ഷെ നമ്മള് പരിചയപ്പെട്ടത് ഇപ്പോഴാണെന്ന് മാത്രം "
അവള് പോയതും ഞാന്‍ വീണ്ടുമെഴുതി
"അവള് നാളെയ്ക്കു വേണ്ടി കാത്തിരിയ്ക്കുന്നു ..നാളെ നന്മയുണ്ടാകും എന്ന വ്യാമോഹത്തില്‍ ...ജീവിതത്തിലും സാഹിത്യത്തിലും മറ്റു എല്ലാ മേഖലകളിലും ഇനിയും അവള് ജനിയ്ക്കും മരിയ്ക്കും ആരുമറിയാതെ വിലപിയ്ക്കും ...."
Tuesday, August 25, 2009
Subscribe to:
Posts (Atom)